No Blanket Ban on Pellet Guns in Kashmir, Will be Used in Rare Cases

ന്യൂഡല്‍ഹി: പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതി.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളകുപൊടി നിറച്ച ഗ്രനേഡുകള്‍ ഉപയോഗിക്കാമെങ്കിലും അവശ്യ ഘട്ടങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍തന്നെ വേണ്ടിവരുമെന്ന് സമിതി തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

പകരം എന്ത് ഉപയോഗിക്കാന്‍ കഴിയുമെന്നകാര്യം പരിഗണിക്കുമെന്ന് കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ബദല്‍ നിര്‍ദ്ദേശിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. എന്നാല്‍ പെല്ലറ്റ് തോക്കുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് ആഭ്യന്തര മന്ത്രാലയത്തിന് യോജിപ്പില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പെല്ലറ്റ് തോക്കിന് ഇരയായ നാലുപേര്‍ ഗുരുതര പരിക്കേറ്റ് ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയും സഫ്ദര്‍ജങ് ആസ്പത്രിയിലും ചികിത്സയില്‍ കഴിയുകയാണ്.

Top