പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ല; വേണ്ടത് പ്രതിപക്ഷ ഐക്യത്തിനായി അജണ്ട: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താനാണെന്നത് വെറും അഭ്യൂഹം മാത്രമാണെന്നു പറഞ്ഞ് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.

പ്രതിപക്ഷ ഐക്യത്തിനായി കൃത്യമായ ഒരു അജണ്ട തയ്യാറാക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരു അജണ്ടയെ ആധാരമാക്കിയല്ല നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയാവാനുള്ള കഴിവോ ആഗ്രഹമോ ഇല്ലെന്നു പറഞ്ഞ മന്ത്രി തങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടി മാത്രമാണെന്നും ആ സ്ഥിതിക്ക് ഇത്രയും വലിയ ആഗ്രഹങ്ങള്‍ ഉണ്ടാകുമോ എന്നും ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍.

മീരാ കുമാറിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് നിതീഷ് കുമാറിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.

Top