ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിന്റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിക്കും.

ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനത്തിലും കോടതിയുടെ അനുമതിയോടെ സെര്‍ച്ച് വാറന്റ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ കേസിന്റെ പേരില്‍ തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണ് പൊലീസ് എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനോട് പറഞ്ഞു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

Top