ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യരുത്, ഗസ്സയ്ക്ക് സഹായം എത്തിക്കണം; സൗദി കിരീടാവകാശി

റിയാദ്: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ട് സൗദി അറേബ്യ. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ബ്രിക്സ് രാജ്യങ്ങളുടെയും ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ആവശ്യപ്പെട്ടത്.

ഗാസയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മര്‍ദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു.

ഗാസയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയത്താണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഗാസയിലെ ഇസ്രായേല്‍ അതിക്രമങ്ങളെ പൊറുപ്പിക്കാനാവില്ല. ഗസ്സയിലേക്ക് ഉടന്‍ സഹായം എത്തിക്കണം. സാധാരണക്കാരായ മനുഷ്യര്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗാസയില്‍ അരേങ്ങറുന്നതെന്നും കിരീടാവകാശി പറഞ്ഞു.

Top