പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: ഭാര്യ കൈവശപ്പെടുത്തിയ പെൻഡ്രൈവ് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോഴിക്കോട് സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ പിലാവുള്ളതിൽ താമസിക്കും കുന്നോത്ത് ജാഫർ, രണ്ട് സഹോദരങ്ങൾ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

കേസിൽ ജാഫറിന്റെ പിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് ജാഫറും സഹോദരങ്ങളും ചേർന്ന് കേസിലെ പരാതിക്കാരിയായ വടകര കീഴൽ സ്വദേശി റുബീനയെ മർദിച്ച് പരിക്കേൽപിച്ചത്.

വിദേശത്ത് നിന്ന് നാട്ടിലെത്തിയ ജാഫർ സഹോദരങ്ങളെയും കൂട്ടി ചാലപ്പുറത്തെ വീട്ടിൽ എത്തിയാണ് അക്രമം നടത്തുന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ റുബീന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സ തേടുകയും നാദാപുരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ദുർബലമായ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയും പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചു. തുടർന്ന് പരാതിക്കാരി വടകരയിലെ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ യുവതിയിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പുകൾ കൂട്ടി ചേർത്ത് കേസെടുക്കുകയായിരുന്നു.

ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് മുഖ്യമന്ത്രി, എംപി, എംഎൽഎ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു. ഇതിനിടയിലാണ് മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

Top