ഒരു വിഹിതവും കുറച്ചിട്ടില്ല, ഓണം അവതാളത്തില്‍ ആക്കിയത് സംസ്ഥാന സര്‍ക്കാര്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രന്‍. ഓണം അവതാളത്തില്‍ ആക്കിയത് കേന്ദ്രം ആണെന്ന് ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഓണം അവതാളത്തില്‍ ആക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ വച്ചുകെട്ടേണ്ട.കെ എന്‍ ബാലഗോപാല്‍ വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയില്‍ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിലേതാണ് എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കുഴല്‍പ്പണ കേസില്‍ തന്റെ ശബ്ദ പരിശോധന വരെ നടത്തി. തന്റെ പേരില്‍ എടുത്ത എല്ലാ കേസിനും ചോദ്യം ചെയ്യലിന് പോയിട്ടുണ്ട്, 346 കേസുകള്‍ തനിക്കെതിരെ ഉണ്ട്, തന്നെ 14 തവണ വിളിച്ചുവരുത്തി ചോദ്യംചെയ്ത പൊലീസ് വി ഡി സതീശനെ ഒരു തവണയെങ്കിലും ചോദ്യം ചെയ്‌തോയെന്ന് അദ്ദേഹം ചോദിച്ചു. സതീശന്‍ നടത്തിയ കേസുകളില്‍ എന്താണ് അന്വേഷണം നടത്താത്തത്. സത്യസന്ധനായ ഹരിചന്ദ്രന്‍ അല്ലല്ലോ വി ഡി സതീശന്‍, പുനര്‍ജനികേസില്‍ കേരള പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. പിണറായി വിജയനു മന്ത്രിസഭയില്‍ ഉള്ളവരെക്കാള്‍ വിശ്വാസം വി ഡി സതീശനെയാണ് എന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്ര നിയമങ്ങള്‍ മറികടന്ന് കരിമണല്‍ ഖനനത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും കരിമണല്‍ കമ്പനി നല്‍കിയത് വെറുതെ അല്ല. നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള കരാര്‍ ആണെങ്കില്‍ വീണയ്ക്ക് എന്തിനാണ് കമ്പനി പണം നല്‍കിയത്. 2014 ലെ കേന്ദ്രനിയമം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്തു. അനധികൃതമായി പണം നേടുന്നതിനാണ് നിയമം അട്ടിമറിച്ചത്. വീണയ്ക്ക് കൊടുത്തതിനേക്കാള്‍ കൂടുതല്‍ പണം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. പിണറായി മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ് തന്നെ കര്‍ത്തയുടെ കയ്യില്‍ നിന്ന് പണം വാങ്ങി.

സിപിഐഎമ്മില്‍ എങ്ങനെയാണ് പിണറായി വിജയന് മാത്രം കമ്പനികള്‍ പണം അങ്ങോട്ടു കൊണ്ടു പോയി കൊടുക്കുന്നത്. കള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിക്കും സതീശനും എതിരെയുള്ള ആരോപണം അന്വേഷിക്കുന്നില്ല. കേരളത്തിലെ രണ്ട് ദിവ്യന്‍മാരാണ് പിണറായി വിജയനും സതീശനുമെന്ന് അദ്ദേഹം പറഞ്ഞു.

Top