no affialiation for law academy

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍വ്വകലാശാലയുടെ അംഗീകാരമില്ലന്നും ഇതിനായി അപേക്ഷിച്ചിട്ട് പോലുമില്ലന്നുമുള്ള വെളിപ്പെടുത്തല്‍ വിവാദമാകുന്നു.

അഫിലിയേഷന്‍ പ്രശ്‌നത്തില്‍ 35 വര്‍ഷം മുന്‍പ് വരെ സുപ്രീം കോടതിയില്‍ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന്‍ ഡോക്ടര്‍ വിന്‍സന്റ് പാനിക്കുളങ്ങരയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സമരത്തെ നിര്‍ണ്ണായക വഴിതിരിവിലെത്തിച്ചിരിക്കുന്നത്. അംഗീകാരത്തിന്റെ രേഖകള്‍ തേടി സമയം പാഴാക്കേണ്ടതില്ലന്നാണ് അഭിഭാഷകന്‍ പറയുന്നത്.

1982ല്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന നാരായണന്‍ നായരുടെ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോടതിയില്‍ എത്തിയിരുന്നത്. ലാ അക്കാദമയിലെ പ്രിന്‍സിപ്പലിന് സിന്‍ഡിക്കേറ്റില്‍ ഇരിക്കാന്‍ അര്‍ഹതയില്ലന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ കോളജിനെ പ്രതിനിധീകരിച്ചതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ അഫിലിയേഷന്‍ ഉള്ളതായി കാണാമെന്നായിരുന്നു അപ്പീലില്‍ സുപ്രീം കോടതി നിരീക്ഷണമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഈ കേസിന് ശേഷവും അഫിലിയേഷനായി അക്കാദമി തയ്യാറാകാതിരുന്നത് ഇത്ര കാലം പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെയാണെന്നത് പുറത്തറിയുമെന്ന് ഭയന്നാണെന്നും മാത്രമല്ല അങ്ങനെ വന്നാല്‍ പല അഭിഭാഷകരുടെ ജോലി തെറിക്കാനും ചില ജഡ്ജിമാരുടെ ഉത്തരവുകള്‍വരെ അസാധുവാകുന്ന സാഹചര്യം വരെ ഉണ്ടാകുമായിരുന്നുവെന്നും അഭിഭാഷകന്‍ വിന്‍സന്റ് ചൂണ്ടി കാട്ടുന്നു.

കേസുമായി മുന്നോട്ട് പോയതിന് അഭിഭാഷകവൃത്തിയില്‍ നിന്ന് അകാരണമായി തന്നെ സസ്‌പെന്റ് ചെയ്യിപ്പിച്ചെന്നും പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് തിരികെ ജോലിയില്‍ കയറിയതെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അഭിഭാഷകന്റെ വെളിപ്പെടുത്തലോടെ ലോ അക്കാദമയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ അനവധി പേര്‍ ആശങ്കയിലാണ്.ലോ അക്കാദമി വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കൂടി റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍ അഫിലിയേഷന്‍ രേഖകള്‍ ലഭിച്ചില്ലങ്കില്‍ കടുത്ത നടപടിയുണ്ടാകാന്‍ വരെ സാധ്യതയുണ്ട്.

ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രിന്‍സിപ്പാളിന്റെ രാജിയോടെ സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായാല്‍ പോലും അഫിലിയേഷന്‍ സംബന്ധമായ പ്രശ്‌നം വീണ്ടും നിയമ പോരാട്ടത്തിലേക്ക് വഴി തുറക്കാനാണ് സാധ്യത.

Top