എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടിയെടുക്കുന്നില്ല ; കെ സുധാകരൻ

ബലാത്സംഗക്കേസിൽ ആരോപിതനായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ഇന്ന് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. നടപടിയെടുക്കും മുന്‍പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി തന്നെ വിളിച്ചിരുന്നു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം അറിയിച്ചിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പറഞ്ഞിരുന്നു. എല്‍ദോസിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ എംഎല്‍എ ഓഫീസില്‍ ലഡു വിതരണം നടത്തിയ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ലഡു വിതരണത്തില്‍ അസ്വഭാവികതയില്ലെന്നും ജാമ്യം കിട്ടിയതിലെ സന്തോഷം പ്രവര്‍ത്തകര്‍ പങ്കിട്ടതാവാമെന്നാണ് സതീശന്‍ പറഞ്ഞത്.

എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ കെപിസിസിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നടപടി വൈകുന്നത് ശരിയല്ല. കേസില്‍ ഒളിവില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന നിലപാടാണ് പാര്‍ട്ടിക്കുണ്ടായിരുന്നതെന്നും എംപി വ്യക്തമാക്കി. എംഎല്‍എക്കെതിരായ നടപടി ഉടന്‍ ഉണ്ടാകും. കെപിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

 

Top