വേതനം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി പാടില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ വേതനവും ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജൂലൈ അവസാനവാരം വരെ നടപടികളെടുക്കരുതെന്ന് സുപ്രീംകോടതി.തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ശമ്പളകാര്യത്തില്‍ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്.

സമവായ ചര്‍ച്ചകള്‍ പരിഹാരം ആയില്ലെങ്കില്‍ ഉത്തരവാദിത്തപെട്ട തൊഴില്‍ ഫോറങ്ങളെ സമീപിക്കാവുന്നത് ആണെന്നും ചര്‍ച്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യം ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ജൂലായ് അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജൂലായ് അവസാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

അതേ സമയം ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറയ്ക്കലില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.ആരോഗ്യപ്രവര്‍ത്തകരും സൈനികരാണ് അവരെ രാജ്യത്തിന് നിരാശരാക്കാന്‍ പറ്റില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറിനെതിരെ വിവിധ കമ്പനികള്‍ നല്‍കിയ ഹര്‍ജികള്‍ ജൂലൈ അവസാനത്തേക്കു പരിഗണിക്കാനും സുപ്രീംകോടതി മാറ്റിവച്ചു.

Top