ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍; ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കന്‍ താരമായ ലിന്‍ഡ നൊസ്‌കോവയാണ് 22 കാരിയായ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തിയത്. 3-6 6-3 6-4 എന്ന സ്‌കോറിന് വിജയിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടിലെത്താന്‍ ലിന്‍ഡയ്ക്ക് സാധിച്ചു.

തുടര്‍ച്ചയായ 18 മത്സരങ്ങളിലായി സ്വിയാറ്റകിന്റെ അപരാജിത കുതിപ്പിനാണ് ഇതോടെ വിരാമമായത്. സ്വിയാറ്റക് പുറത്തായതോടെ ആദ്യ 10 സീഡുകാരില്‍ ഏഴു പേരും പുറത്തായി. മൂന്നാം സീഡ് എലീന റിബാകിന, അഞ്ചാമതുള്ള ജെസിക പെഗുല, ആറാമതുള്ള ഉന്‍സ് ജബ്യൂര്‍ എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായ താരങ്ങള്‍. നിലവിലെ ചാമ്പ്യന്‍ അരിന സബലെങ്ക, യു.എസ് ഓപണ്‍ ജേതാവ് കൊക്കോ ഗോഫ്, ബാര്‍ബറ ക്രജ്‌സിക്കോവ എന്നീ ആദ്യ സീഡുകാരാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അവശേഷിക്കുന്നത്.

അതേസമയം ലോക 50-ാം റാങ്കുകാരിയായ ലിന്‍ഡ നൊസ്‌കോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം പ്രീ ക്വാര്‍ട്ടറാണിത്. താരം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യത ഘട്ടത്തില്‍ പുറത്തായ താരമാണ് ലിന്‍ഡ.

Top