ചാക്കോച്ചന്റെ ‘ന്നാ താൻ കേസ് കൊട്’; പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 12ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതിയില്‍ ഒരു ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മുന്‍പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു ദിവസം നേരത്തെ, അതായത് ഓഗസ്റ്റ് 11ന് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

Top