വിപ്പ് സ്ഥാനത്ത് നിന്ന് പുറത്തായ ജോര്‍ജ് കരുത്ത് തെളിയിക്കാന്‍ അരുവിക്കരയിലേക്ക്‌

തിരുവനന്തപുരം: പി.സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫ് ഉന്നതാധികാരസമിതിയില്‍നിന്നും നീക്കിയതോടെ സര്‍ക്കാരും മുന്നണിക്കും ഇനി അഗ്‌നിപരീക്ഷണത്തിന്റെ നാളുകള്‍.

മുന്നണിയില്‍ നിന്നും നീതികിട്ടിയില്ലെന്ന ആരോപണവുമായി രംഗത്തെത്തിയ ജോര്‍ജ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളുടേതാണെന്നും മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വ്യക്തമാക്കിയാണ് രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് അറിയിച്ച ജോര്‍ജ് മാണിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

ജോസ് കെ മാണിയെ ആരോപണക്കുരുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സരിതാ നായര്‍ നടത്തിയ വാര്‍ത്താസമ്മേളനം സര്‍ക്കാരിനെ ആകെ കുരുക്കിലാക്കിയിരിക്കുകയാണ്. ജോസ് കെ. മാണിക്കൊപ്പം നാലു കോണ്‍ഗ്രസ് മന്ത്രിമാരും മുന്‍ കേന്ദ്രിമന്ത്രിയും എം.എല്‍.എമാരും പാണക്കാട് കുടുംബത്തിലെ അംഗവുമാണ് പ്രതികൂട്ടിലായത്.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്തായ താന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങുമെന്നാണു ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരേ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായിരിക്കും ജോര്‍ജ് ഉന്നയിക്കുക. ഇത് സര്‍ക്കാരിനെ തന്നെ കടപുഴക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പും മറ്റും നടക്കാനിരിക്കെ ജോര്‍ജിനെതിരേ സ്വീകരിച്ച നിലപാടു മുന്നണിക്കു ദോഷംചെയ്യുമെന്ന ആശങ്ക യുഡിഎഫിലുണ്ട്. വരുംദിവസങ്ങളില്‍ പലര്‍ക്കുമെതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും.

ജോര്‍ജ് തന്റെ പഴയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പഴയ നേതാക്കളെ ഉപയോഗിച്ചു പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. 14 ജില്ലാ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. വിഎസ്ഡിപി, ഡിഎച്ച്ആര്‍എം. തുടങ്ങിയവയെ ഉള്‍പ്പെടുത്തി അഴിമതിവിരുദ്ധമുന്നണിയും രൂപവത്കരിച്ചിട്ടുണ്ട്.

ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു സര്‍ക്കാരിനു തലവേദനയുണ്ടാക്കാന്‍ ജോര്‍ജിനു കഴിയും. നാടാര്‍ സമുദായത്തിനു ഭൂരിപക്ഷമുള്ള അരുവിക്കര മണ്ഡലത്തില്‍ ജോര്‍ജിന്റെ നിലപാട് യുഡിഎഫിനു ബുദ്ധിമുട്ടുണ്ടാക്കും. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പതനം ഉറപ്പ് വരുത്താനാണ് ജോര്‍ജിന്റെ നീക്കം.

മറിച്ച് ഈ പ്രതിസന്ധികള്‍ക്കിടചയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നെ സര്‍ക്കാരിനെ പിടിച്ചാല്‍ കിട്ടില്ലെന്നും ജോര്‍ജിന് നന്നായി അറിയാം. അതേസമയം മുഴുവന്‍ പാപക്കറയും അരുവിക്കരയില്‍ കഴുകിക്കളയാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തോടെ ഉപതെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് തീരുമാനം.

സരിത എസ്. നായരുടേതെന്ന പേരില്‍ പുറത്തുവന്ന കുറിപ്പ് യുഡിഎഫിന് ഇപ്പോള്‍ തലവേദനയായിട്ടുണ്ട്. അതു വ്യാജമാണെന്നു സ്ഥാപിക്കാന്‍ സരിത ഇന്നലെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കടലാസുകള്‍ കൂടുതല്‍ പേരുകള്‍ സംശയനിഴലിലാക്കുന്നതായി. ഈ സാഹചര്യത്തിനും ജോര്‍ജിനെയാണ് യുഡിഎഫ് സംശയദൃഷ്ടിയോടെ നോക്കുന്നത്.

രാഷ്ട്രീയസാഹചര്യം മാറിയാല്‍ വിവാദ കത്ത് പുറത്തുവിടുമെന്നു സരിത മുന്നറിയിപ്പു നല്‍കിയതു യുഡിഎഫ് കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

Top