എന്‍.എം.സി ബില്‍: നാളെ സംസ്ഥാനത്ത് എസ്.എഫ്.ഐ പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കല്‍ മേഖലയ്ക്കും, മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മരണമണി മുഴക്കുന്ന എന്‍.എം.സി ബില്ലിനെതിരെ നാളെ എസ്.എഫ്.ഐ പ്രതിഷേധ ദിനം ആചരിക്കും.

വരും ദിവസങ്ങളിലൊന്നില്‍ എന്‍.എം.സി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുകയാണ്.പൂര്‍ണമായും ജനവിരുദ്ധവും, വിദ്യാര്‍ത്ഥിവിരുദ്ധവമായ ബില്ലാണിത്. നിലവിലെ ഭേദഗതി അനുസരിച്ച് നെക്സ്റ്റ് എന്ന പേരിലറിയപ്പെടാന്‍ പോകുന്ന അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ രാജ്യത്തു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുവാനും, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും, വിദേശ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിനുള്ള സ്‌ക്രീനിങ്ങിനും മാനദണ്ഡമാവും.എക്‌സിറ്റ് എക്‌സാം തന്നെ പിജി പ്രവേശനത്തിന് മാനദണ്ഡമാവുമ്പോള്‍ അവസാന വര്‍ഷ പരീക്ഷ നിലവാരത്തില്‍ മാറ്റം വരികയും, വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും നിരവധി തൊഴില്‍ രഹിതര്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഒപ്പം തന്നെ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ തുല്യത ഇല്ലാതാവുകയും ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല നെക്സ്റ്റ് എക്സാമിന്റെ ഘടനയെക്കുറിച്ചും അത് പ്രാവര്‍ത്തികമാകുമ്പോള്‍ ഉണ്ടാവാനിടയുള്ള അഴിമതികളെക്കുറിച്ചും, മെച്ചപ്പെട്ട റാങ്കിനായി എക്‌സാം വീണ്ടും എഴുതുവാനും ഉള്ള സാധ്യതകളെ സംബന്ധിച്ചും വലിയ തോതിലുള്ള അവ്യക്തത നിലനില്‍ക്കുന്നു.ആരോഗ്യമേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനെന്ന വ്യാജേന പുറത്തിറക്കുന്ന എന്‍. എം.സി ബില്‍ പുതിയ കോളേജുകള്‍ തുടങ്ങുവാനും പി ജി സുപ്പര്‍സ്‌പെഷ്യലിറ്റി കോഴ്‌സുകള്‍ ആരംഭിക്കുവാനുമുള്ള നിലവിലെ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുക വഴി നേരെ വിപരീതഫലമാണ് സൃഷ്ടിക്കാന്‍ പോവുന്നത്.

ഒപ്പം സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുകയും പുതുതായി രൂപം കൊടുത്ത കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന അധികാര തലങ്ങളില്‍ നോണ്‍ മെഡിക്കല്‍ മേഖലയിലുള്ളവരെ തിരുകി കയറ്റുകയും വഴി അധികാരദുര്‍ വിനിയോഗത്തിലേക്കും ആരോഗ്യരംഗത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. ഫീസ് നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നതുവഴി ആരോഗ്യവിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കുകയും രാജ്യത്തെ സാധാരണക്കാരന് അന്യമാം വിധം മെഡിക്കല്‍ വിദ്യാഭ്യാസ മേഖല രൂപാന്തരപ്പെടുകയും ചെയ്യുന്നു.

എന്‍ എം സി അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും നിലപാടുകള്‍ സ്വീകരിച്ചതുമാണ്. എതിരായുയരുന്ന ശബ്ദങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ബില്ല് അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്,പ്രസിഡന്റ് വി എ വിനീഷ് എന്നിവര്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Top