‘ബിജെപിക്ക് അടിക്കാൻ വടി കൊടുത്തു എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല’; എൻ കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: ജിഎസ്ടി വിഷയത്തില്‍ സംസ്ഥാന മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. അന്തര്‍ സംസ്ഥാന ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ട്, അന്തര്‍ സംസ്ഥാന സേവന മേഖലയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കേരളത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭ്യമായിട്ടുണ്ടോ?, അത് വാങ്ങിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ കേരളം സ്വീകരിച്ചിട്ടുണ്ടോ?, അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നല്‍കിയിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളില്‍ ധനമന്ത്രി ബാലഗോപാല്‍ ഉത്തരം പറയേണ്ടതുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി നികുതി വിഹിതവും അനുബന്ധകാര്യങ്ങളും കേരളത്തിന് ലഭ്യമാകുന്നുണ്ടോയെന്ന് ചോദിച്ചതിന് കേന്ദ്ര ധനകാര്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതികരിച്ചുകൊണ്ട് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയിട്ടുള്ള പരാമര്‍ശം വസ്തുതാപരമായ ധാരാളം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ലോക്‌സഭയില്‍ പ്രധാനമായും ഐജിഎസ്ടി ( സംയോജിത ചരക്കു സേവന നികുതി)യില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിവിഹം കേരളത്തിന് ലഭ്യമായിട്ടുണ്ടോ എന്നാണ്. ലഭ്യമായിട്ടില്ലെങ്കില്‍ അതിനുള്ള കാരണം എന്താണ് എന്നാണ് കേന്ദ്രധനമന്ത്രിയോട് ചോദിച്ചത്.

ഇതിന് മറുപടിയായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓഡിറ്റര്‍ ജനറല്‍ അപ്രൂവ് ചെയതിട്ടുള്ള ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിട്ടില്ലെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വന്നുഭവിച്ചിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മറുപടി പറഞ്ഞത്. ഇതിനുള്ള പ്രതികരണമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത് കേന്ദ്രവും കേരളവും തമ്മില്‍ ഒരു തര്‍ക്കപ്രശ്‌നവുമില്ലെന്നാണ്.

തങ്ങള്‍ക്ക് 750 കോടിയുടെ ജിഎസ്ടി കോമ്പന്‍സേഷന്‍ മാത്രമേ ലഭിക്കാനുള്ളൂ. മറ്റു കാര്യങ്ങളിലൊന്നും ഒരു പ്രശ്‌നവുമില്ല. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം, മറ്റു പ്രശ്‌നങ്ങളില്ല എന്നാണ് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞത്. അതു കേട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി മാസത്തില്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപ്പത്രത്തിലും കേരള നിയമസഭയിലെ രേഖകള്‍ പരിശോധിച്ചാലും, ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും അടക്കം പറഞ്ഞിരുന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നും അര്‍ഹതപ്പെട്ട ജിഎസ്ടി നികുതി വിഹിതം ലഭിക്കാത്തതിന്റെ പേരില്‍, ബോധപൂര്‍വം സംസ്ഥാനത്തെ ഞെരുക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും, സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം നടത്തുന്ന നടപടിയാണെന്നാണ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്നലെ വരെ പറഞ്ഞിരുന്നത്.

എന്നാല്‍ കേന്ദ്രധനമന്ത്രിയുടെ മറുപടി വന്നതോടെ നില മാറി. 750 കോടി മാത്രമേ ലഭിക്കാനുള്ളൂ എന്നാണ് ഇപ്പോള്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്. 20% ജിഎസ്ടി വളര്‍ച്ച കൈവരിച്ചു എന്ന് പറയുമ്പോള്‍ എങ്ങനെയാണ് ജിഎസ്ടി കോമ്പന്‍സേഷന്‍ ചോദിക്കാന്‍ കഴിയുക. ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതില്‍ സംസ്ഥാനത്തിന് ഒരു കാര്യവും ചെയ്യാനില്ലേ?. കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ബിജെപിക്ക് അടിക്കാന്‍ വടി കൊടുത്തു എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല.

സംസ്ഥാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ 5000 കോടി വാങ്ങി എടുക്കുന്നതില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തെറ്റുകള്‍ മറച്ചു പിടിക്കാനാണ് സംസ്ഥാന ധനമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രിയുടെ മറുപടി വന്നപ്പോള്‍ ചോദ്യകര്‍ത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Top