നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനിലെ കവര്‍ച്ച; പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അക്സര്‍ ബാഗ്ഷായ്ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി റെയില്‍വേ പൊലീസ്. കവര്‍ച്ച നടന്നത് തമിഴ്നാട് റെയില്‍വേ പൊലീസിന്റെ പരിധിയിലായതിനാല്‍ അവരുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

സേലത്തിനും കോയമ്പത്തൂരിനും ഇടയിലാണ് സംഭവം നടന്നതായി കരുതുന്നത്. അതിനാല്‍ റെയില്‍വേ സേലം ഡിവിഷനിലേക്ക് അന്വേഷണ ചുമതല മാറ്റാനും സാധ്യതയുണ്ട്. സമാന സംഭവങ്ങളില്‍ മുമ്പ് പിടിയിലായിട്ടുള്ള അക്സറിന്റെ ചിത്രം കവര്‍ച്ചയ്ക്ക് ഇരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ പിടികൂടാനുള്ള നീക്കം ശക്തമാക്കിയത്.

ഇയാള്‍ ഗുജറാത്ത് സ്വദേശിയാണെന്നാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് നല്‍കുന്ന വിവരം. നേരത്തേ നാഗര്‍കോവിലിലും മധുരയിലും ട്രെയിനില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. സ്ഥിരം കുറ്റവാളി ആയതിനാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പരിധിയുണ്ട്. അതേസമയം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ഇയാള്‍ ഇറങ്ങിയ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

ന്യൂഡല്‍ഹിയില്‍ നിന്നു വന്ന നിസാമുദീന്‍ – തിരുവനന്തപുരം എക്സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് വനിത യാത്രികരെ മയക്കിക്കിടത്തിയാണ് കവര്‍ച്ച നടത്തിയത്. ട്രെയിനില്‍ അബോധാവസ്ഥയിലായിരുന്ന മൂന്നു പേരെയും തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

 

 

Top