നിസാമുദ്ദീന്‍ ദര്‍ഗയിലെ സ്ത്രീ പ്രവേശന ഹര്‍ജി; ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഹസ്രത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയിലെ ഖബറിടത്തിനുള്ളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം നിയമവിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

ദര്‍ഗയ്ക്കുള്ളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരുള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

നിസാമുദ്ദീന്‍ ദര്‍ഗ പൊതുസ്ഥലമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗസമത്വം ദര്‍ഗയിലേക്കുള്ള സ്ത്രീപ്രവേശനത്തില്‍ ഉറപ്പു നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി പോലീസിന് ഈ വിഷയത്തില്‍ പരാതി നല്‍കിയതായും പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ കമലേഷ് കുമാര്‍ മിശ്ര ആരോപിച്ചു.

Top