പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.

സിപിഎം-ബിജെപി സംഘര്‍ഷം ക്രമസമാധാന നില തകര്‍ത്തെന്നായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.

കെ മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ബിജെപി അംഗം ഒ രാജഗോപാലിന് സംസാരിക്കാന്‍ അനുവദിച്ചതിനെച്ചൊല്ലി സഭയില്‍ ബഹളം ഉണ്ടായി.

ഇത്തരമൊരു നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്.

അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം.

ഒരു വിഭാഗം പൊലീസുകാര്‍ സര്‍ക്കാരിന് വീടുപണി ചെയ്യുകയാണെന്ന് രാജഗോപാല്‍ ആരോപിച്ചു. സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചു. പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാത്തതിനാലാണ് അക്രമം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Top