നിയമസഭയില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടയില്‍ നടുത്തളത്തിലറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി.

സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ബഹളമായിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സിപിഐഎം കള്ളക്കളി നിര്‍ത്തണമെന്നും പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, പ്രളയത്തില്‍ അസാമാന്യ കേരളം കാണിച്ച അസാമാന്യ സാമുദായിക ഐക്യം പരമാവധി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തി അംഗങ്ങളുടെ അവകാശങ്ങള്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രളയക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കൂടുതല്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കറുപ്പണിഞ്ഞാണ് പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയിലെത്തിയത്. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്.

Top