നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. നിയമസഭയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയം നല്‍കിയിട്ടും സഭ പരിഗണിക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് സമരം പ്രഖ്യാപിച്ചത്.

വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ പിരിഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടന്നു.

ശബരിമല വിഷയത്തിലെ സമരം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ആര്‍എസ്എസുമായി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി നല്‍കിയത് അതിന് തെളിവാണ്.

Top