പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണമെന്ന് സ്പീക്കര്‍; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : സ്പീക്കറുടെ മുഖം മറച്ച് ബാനറുകള്‍ ഉയര്‍ത്തിയത് അവഹേളനമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷാംഗങ്ങള്‍ക്ക് സ്പീക്കര്‍ താക്കീത് നല്‍കി.

അതേസമയം സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ ഷുഹൈബ് വധത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസില്‍ പിടിയിലായത് ഡമ്മി പ്രതികളാണെന്നാണ് ആരോപണം.

ഷുഹൈബ് വധത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. മണ്ണാര്‍കാട് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ഷുഹൈബിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബഹളത്തെത്തുടര്‍ന്ന് നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

Top