‘പേരന്‍പി’നു ശേഷം റാം; നിവിന്‍ പോളി ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ്

ഫിലിമോഗ്രഫിയിൽ നാല് സിനിമകൾ മാത്രമേ ഉള്ളൂവെങ്കിലും സവിശേഷവും വേറിട്ടതുമായ ശൈലി കൊണ്ട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് റാം. അതിൽ നാലാമത്തെ ചിത്രത്തിലൂടെയാണ് മലയാളി സിനിമാപ്രേമികൾക്ക് റാമിനെ കൂടുതൽ പരിചയം. മമ്മൂട്ടി നായകനായി 2019ൽ പുറത്തെത്തിയ പേരൻപ് ആയിരുന്നു ആ ചിത്രം. പേരൻപിനു ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനും മലയാളത്തിൽ നിന്നാണ്. നിവിൻ പോളിയാണ് ആ താരം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഒരു പ്രധാന അപ്ഡേറ്റ് അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനത്തെക്കുറിച്ചാണ് അത്.

ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 12 ന് ആണ് ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം. വി ഹൌസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാക്ഷി നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. സൂരി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് നിർമ്മാണം. അൽഫോൻസ് പുത്രൻറെ ‘പ്രേമ’ത്തിലൂടെ തമിഴ്നാട്ടിൽ വലിയ ഫാൻ ഫോളോവിംഗ് നേടിയ താരമാണ് നിവിൻ പോളി. എന്നാൽ പിന്നീട് നായകനായെത്തിയ തമിഴ് ചിത്രം റിച്ചി ബോക്സ് ഓഫീസിൽ വിജയം നേടാതെപോയി. റാമിൻറെ സംവിധാനത്തിൽ നിവിൻ പോളി നായകനാവുന്ന പുതിയ ചിത്രം പക്ഷേ സ്വീകരിക്കപ്പെടുമെന്നാണ് കോളിവുഡ് വൃത്തങ്ങളുടെ പ്രതീക്ഷ.

അതേസമയം പല ശ്രദ്ധേയ ചിത്രങ്ങളും നിവിൻ പോളിയുടേതായി പുറത്തുവരാനുണ്ട്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, റോഷൻ ആൻഡ്രൂസിൻറെ സാറ്റർഡേ നൈറ്റ് എന്നിവയാണ് അവ. ഇതിൽ പലവട്ടം റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് തുറമുഖം. എന്നാൽ ചിത്രം നവംബർ- ഡിസംബർ മാസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിവിൻ പോളി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതിൻറെ നിർമ്മാതാവിൻറെ ചില സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം കാരണം അത് ഇത്തിരി പ്രശ്നത്തിൽ ഇരിക്കുകയാണ്. അത് നവംബർ- ഡിസംബറിൽ റിലീസ് ആവുമെന്നാണ് കേൾവി. നമ്മുടെ നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ ഇപ്പോൾ നിൽക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിൻ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിൻ അടുത്തിടെ പറഞ്ഞിരുന്നു.

Top