Nivin Pauly new film

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ ഐശ്വര്യ രാജേഷും അപര്‍ണ്ണ ഗോപിനാഥും നായികമാരായി എത്തുന്നു. ഇവരെ കൂടാതെ മൂന്നാമത്തെ നായികയായി പുതുമുഖമാണ് ചിത്രത്തിലെത്തുക. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനുശേഷം നിവിന്‍ പോളി അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് 25ന് തൃശൂര്‍ ആരംഭിക്കും. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നത്.

യൂണിവേഴ്‌സല്‍ സിനിമയ്ക്കുവേണ്ടി ബി ശ്രീനിവാസന്‍, അജു വര്‍ഗീസ് , സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, ജോജു മാള, സുജിത്, സുധീഷ് , അല്‍ത്താഫ് തുടങ്ങി ഒരു വന്‍താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാജാ റാണി, കത്തി, തെരി എന്നീ ചിത്രങ്ങളില്‍ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് വില്യംസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

പ്രേമത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ചിട്ടുണ്ടെങ്കിലുംഇതാദ്യമായാണ് നിവിന്‍ പോളി ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവിന്റെ റോളിലെത്തുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങാനിരുന്ന ചിത്രമാണിത്. എന്നാല്‍ നിവിന്‍ പോളിയുടെ ഡേറ്റിലുണ്ടായ ചില മാറ്റങ്ങളാണ് ഇതിന്റെ ചിത്രീകരണം നീണ്ടുപോകാന്‍ കാരണം. പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നിവിന്‍പോളി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കുകൊള്ളുക. ഇതിന്റെ ചിത്രീകരണം തിരുച്ചെന്തൂരിലാണ്. തൂത്തുക്കുടിയാണ് ആദ്യഷെഡ്യൂളിലെ മറ്റൊരു ലൊക്കേഷന്‍. രണ്ടാം ഷെഡ്യൂള്‍ കൊല്‍ക്കത്തയിലും, തിരുവനന്തപുരത്ത് പൂവാറിലുമാണ് നടക്കുക. ഗൗതം രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷന്‍ ത്രില്ലറില്‍ ഒരു ബോട്ട് തൊഴിലാളിയുടെ വേഷമാണ് നിവിന്‍ പോളിക്ക്.

Top