നിവിന്‍ പോളി – ഹനീഫ് അദേനി ചിത്രം ദുബൈയില്‍ തുടങ്ങി

സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കരിയറിനോടുള്ള സമീപനത്തിലുമൊക്കെ തന്റേതായ വഴികളിലൂടെ സഞ്ചരിക്കുന്ന താരമാണ് നിവിന്‍ പോളി. ശരീരഭാരം കുറച്ച് നടത്തിയ മേക്കോവറിന്റെ പേരിലാണ് നിവിന്‍ അടുത്തിടെ വാര്‍ത്താ തലക്കെട്ടുകളില്‍ വീണ്ടും ഇടംപിടിച്ചത്. ഇപ്പോഴിതാ നായകനാവുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ദുബൈ ലൊക്കേഷനിലാണ് നിവിന്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

2019 ല്‍ പുറത്തെത്തിയ മിഖായേലിനു ശേഷം നിവിന്‍ പോളി – ഹനീഫ് അദേനി ഒരുമിക്കുന്ന ചിത്രമാണിത്. ജനുവരി 20 ന് യുഎഇയിൽ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു. പുറത്തെത്തിയിരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിവിന്റെ കരിയറിലെ 42-ാം ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസ്, പോളി ജൂനിയര്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേര്‍ന്നാണ്.

Top