സര്‍ക്കാരിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചത്; സഹായധനമായി 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം : പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 25 ലക്ഷം രൂപ നല്‍കി നടന്‍ നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയിരിക്കുന്നത്. നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവിന്‍ തുക കൈമാറിയത്.

സര്‍ക്കാറിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും താരം ആവശ്യപ്പെട്ടു.

പ്രളയസമയം മുതല്‍ രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരുമുണ്ട്, അവരുടെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, വിജയ്, സണ്ണി ലിയോണ്‍, വിജയകാന്ത്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഭര്‍ത്താവ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, കങ്കണ റണാവത്ത് എന്നിവരും കേരളത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ പ്രളയകെടുതിയില്‍ ധാരാളം പ്രമുഖരാണ് സഹായഹസ്തങ്ങളുമായി രംഗത്ത് വരുന്നത്.

Top