ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി

നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്ത് എട്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങി എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിന്‍, ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ഥ കാഴ്ചകള്‍ ബിഗ് സ്‌ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷന്‍ ഹീറോ ബിജു.

എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തത്.

Top