‘കൈരളി’ കപ്പലിന്റെ കഥയുമായി നിവിന്‍ പോളിയും ജോമോന്‍ ടി.ജോണും

കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘കൈരളി’ എന്ന കപ്പലിന്റെ കഥ അതേപേരില്‍ സിനിമയാകുന്നു. യുവ താരം നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.

സിദ്ധാര്‍ത്ഥ്‌ ശിവയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി.ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരവും.

ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം കേരളം, ഗോവ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ചിത്രീകരിക്കും.

വര്‍ത്തമാനകാലവും, 1970-80 കാലഘട്ടങ്ങളും ചിത്രത്തിന് പശ്ചാത്തലമാകും.

Top