കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിനും റോഷന്‍ ആഡ്രൂസും വീണ്ടും ഒന്നിക്കുന്നു

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമായി റോഷന്‍ ആഡ്രൂസ് അണിയിച്ചെരുക്കുന്ന ബിഗ് ബജറ്റ് ഹിസ്‌റ്റോറിക്കല്‍ ഡ്രാമ സിനിമയാണ് കായംകുളം കൊച്ചുണ്ണി. സിനിമ റിലീസായില്ലെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയില്‍ റോഷന്റെ അടുത്ത സിനിമയിലും നിവിന്‍ പോളിയാണ് നായകന്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ദി പൈറയിറ്റ്‌സ്‌ ഓഫ് ഡീഗോ ഗാര്‍ഷ്യ’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

കൊച്ചുണ്ണിയുടെ ആദ്യ ഷൂട്ടിങ്ങ് സമയത്ത് സെറ്റില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിട നല്‍കി സംവിധായകന്‍ തന്നെയാണ് പുതിയ സിനിമയുടെ തിരക്കഥ എഴുത്തുപുരയിലാണെന്ന് അറിയിച്ചത്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്.

കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. സിനിമ കാപ്രി മിത്തോളജിയിലേക്കുള്ള ഒരു പര്യവേഷണം കൂടിയാണ്‌. കായംകുളം കൊച്ചുണ്ണി പോലെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് വിദേശ കമ്പനിയായിരിക്കും.

മലയാളത്തില്‍ ഹിറ്റായ തന്റെ സ്വന്തം സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റി ചിത്രീകരിക്കുന്നതാണ് റോഷന്റെ അടുത്ത പ്രൊജക്ട്. നിവിന്‍ മറ്റ് സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷമാകും റോഷനുമായി ഒന്നിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Top