അദ്വാനിയേക്കാള്‍ എത്ര കേമനായാലും മോദിയെ പിടിച്ചുകെട്ടുമെന്ന് ലാലു ശപഥം !

ഹാസഖ്യത്തിലൂടെ വിജയിച്ച് മുഖ്യമന്ത്രിയായിട്ടും മുന്നണിവിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നിധീഷ് കുമാറിന്റെ വഞ്ചനക്കു തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസുമായി മഹാസഖ്യത്തിന് തുടക്കമിട്ട് ലാലു പ്രസാദ് യാദവ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി മത്സരിക്കാന്‍ അയോഗ്യതയുണ്ടെങ്കിലും ബീഹാര്‍ രാഷ്ട്രീയത്തെ മകന്‍ തേജസ്വി യാദവിലൂടെ നിയന്ത്രിക്കുന്നത് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ്. 2015ല്‍ രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുത്തപ്പോള്‍ ബദ്ധശത്രുവായ നിധീഷ്‌കുമാറുമായി മഹാസഖ്യത്തില്‍ മത്സരിക്കാന്‍ തയ്യാറായതാണ് ലാലുവിന്റെ ആര്‍.ജെ.ഡി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാടെടുത്ത് എന്‍.ഡി.എ വിട്ട നിധീഷ്‌കുമാറും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ചെറുപാര്‍ട്ടികളും മഹാസഖ്യമായി മത്സരിച്ചപ്പോള്‍ 2015ല്‍ ബീഹാര്‍ നിയമസഭയില്‍ മഹാസഖ്യത്തിന് 178 സീറ്റുമായി അധികാരത്തിലേറാന്‍ കഴിഞ്ഞിരുന്നു. 80 സീറ്റുമായി സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍.ജെ.ഡി 71 സീറ്റു ലഭിച്ച നിധീഷ്‌കുമാറിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുകയുെ ചെയ്തു. ലാലുവിന്റെ മകന്‍ തേജസ്വിയാദവാണ് ഉപമുഖ്യമന്ത്രിയായത്.

എന്നാല്‍ പിന്നീട് മഹാസഖ്യത്തില്‍ നിന്നും പിന്‍മാറി നരേന്ദ്രമോദിക്കെതിരെ പ്രസംഗിച്ചതെല്ലാം വിഴുങ്ങി നിധീഷ് ബി.ജെ.പിയുമായി സഖ്യത്തിലാവുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിധീഷ് കുമാര്‍ ബി.ജെ.പി പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ബീഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയുമായി. അന്നു മുതില്‍ ബീഹാറില്‍ നിധീഷിനെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.

ജയിലിലായാലും സോഷ്യലിസ്റ്റ് സിംഹം ജയപ്രകാശ് നാരായണന്റെ ശിഷ്യന് പോരാട്ടവീര്യം ഒട്ടും ചോര്‍ന്നിട്ടില്ല. രാമക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ട് വര്‍ഗീയകലാപം അഴിച്ചുവിട്ട എല്‍.കെ അദ്വാനിയുടെ രഥയാത്രയെ ബീഹാറില്‍ തടയാനുള്ള തന്റേടം കാണിച്ചത് അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവായിരുന്നു. 1990 ഒക്ടോബര്‍ 23നാണ് ബീഹാറിലെ സമസ്തിപൂരില്‍ വച്ച് അധ്വാനിയുടെ രഥയാത്രയെ തടഞ്ഞ് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് അദ്വാനിയെ അറസ്റ്റു ചെയ്യാനുള്ള ആര്‍ജ്ജവം ലാലു പ്രസാദ് യാദവ് കാണിച്ചിരുന്നത്.

അദ്വാനിയുടെ രഥയാത്ര തടഞ്ഞ താന്‍ മോദിയെയും തടയുമെന്നാണ് ലാലു പ്രഖ്യാപിച്ചിരിക്കുന്നത്. യാദവരും ദലിതരും മുസ്‌ലീങ്ങളും പിന്നോക്കക്കാരുമെല്ലാം ബീഹാറില്‍ ലാലുവിനെ തങ്ങളില്‍ ഒരാളായാണ് കാണുന്നത്.40 ലോക്‌സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന ബീഹാര്‍ കേന്ദ്ര ഭരണം പിടിക്കുന്നതിന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഏറ്റവും മികച്ച സഖ്യകക്ഷിയാണ് ലാലുവിന്റെ ആര്‍.ജെ.ഡി. മഹാസഖ്യത്തില്‍ 20 സീറ്റില്‍ ആര്‍.ജെ.ഡി മത്സരിക്കുമ്പോള്‍ 11 സീറ്റാണ് കോണ്‍ഗ്രസിനായി നല്‍കിയിട്ടുള്ളത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിന് മത്സരിക്കാനായി ബെഗുസരായി മണ്ഡലവും വിട്ടു നല്‍കിയിട്ടുണ്ട്.

ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സംമ്താ പാര്‍ട്ടി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍, മുകേഷ് സാഹ്‌നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവും മഹാസഖ്യത്തിലുണ്ട്.ഇടതുപക്ഷത്തിന് രണ്ട് സീറ്റ്, ആര്‍.എല്‍.എസ്.പി 3, എച്ച്.എം.എം-2, എല്‍.ജെ.ഡി, വികാശ് ശീല്‍ പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ സീറ്റുമാണ് നല്‍കിയിട്ടുള്ളത്. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ ബീഹാറില്‍ ലാലു-കോണ്‍ഗ്രസ് മഹാസഖ്യത്തിനാണ് മേല്‍ക്കൈ എന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.

Top