രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കും. ഈ മാസം 30നാണ് യാത്ര ബീഹാറില്‍ എത്തുന്നത്. നാല് ജില്ലകളില്‍ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും. യാത്രയില്‍ ഉടനീളം നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചു.

പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും ബിഹാറിലെ കിഷണ്‍ഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എല്‍.സിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. റാലിയില്‍ ഇന്‍ഡ്യ സഖ്യത്തിലെ തങ്ങളുടെ പങ്കാളിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പങ്കെടുക്കുമെന്നും പ്രേംചന്ദ്ര മിശ്ര പറഞ്ഞു.

ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും റാലിക്കുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൂര്‍ണിയയിലോ ജനുവരി 31ന് കത്തിയാറിലോ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ഇ.ഡിയുടെ സമന്‍സ് അനുസരിച്ചാവും അദ്ദേഹത്തിന്റെ വരവ്.സി.പി.ഐ, സി.പി.ഐ(എം), സി.പി.ഐ(എം.എല്‍) തുടങ്ങിയ പാര്‍ട്ടികളേയും ന്യായ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര വ്യക്തമാക്കി.

Top