ബിജെപിയുമായി ഇനി ഒരിക്കലും ഒരു സഖ്യത്തിനില്ലെന്ന് നിതീഷ് കുമാർ

പാട്‌ന: ജീവിതത്തിൽ ഇനിയൊരിക്കലും ബി.ജെ.പിയുമായി ഒരു സഖ്യമുണ്ടാക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നേതാവുമായ നിതീഷ് കുമാർ. ബി.ജെ.പിയുമായുള്ള സഖ്യം ജെ.ഡി.യു അവസാനിപ്പിച്ചിരിക്കുകയാണ്. ആർ.ജെ.ഡിയുമായി ഒന്നിച്ച് രാജ്യത്തിന്റെയും ബിഹാറിന്റെയും പുരോഗിതിക്കായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ സമസ്തിപൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതീഷ്.

”ബി.ജെ.പിക്കാർ വിഡ്ഢിത്വമാണ് പറയുന്നത്. മഹാസഖ്യം വിട്ട് 2017ൽ ഞാൻ എൻ.ഡി.എക്കൊപ്പം ചേർന്നിരുന്നു. ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ഞങ്ങൾക്കിടയിലുള്ള തർക്കം മൂർച്ഛിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അവർ എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.”- നിതീഷ് പറഞ്ഞു.

അടൽബിഹാരി വാജ്‌പെയി 1998ൽ പ്രധാനമന്ത്രിയായപ്പോൾ എന്നെ അദ്ദേഹം കേന്ദ്ര മന്ത്രിയാക്കിയ കാര്യം ബി.ജെ.പി മറന്നിരിക്കുകയാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. മൂന്ന് വകുപ്പുകളാണ് എനിക്ക് നൽകിയിരുന്നത്. എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയുമെല്ലാം രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ, ഇന്ന് കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് വികസനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

സമൂഹത്തിനിടയിൽ സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി അവർ ഒന്നും ചെയ്യുന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും ഞാൻ ബി.ജെ.പിയുമായി കൂട്ടുകൂടില്ല. സോഷ്യലിസ്റ്റുകൾക്കൊപ്പം നിലയുറപ്പിച്ച് ബിഹാറിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ലാലുവിനെതിരെ അവർ കേസെടുത്തപ്പോഴാണ് ഞാൻ അദ്ദേഹവുമായി ബന്ധം വിച്ഛേദിച്ചത്. എന്നാൽ, അതിൽനിന്ന് ഒന്നും കിട്ടിയില്ല. ഇപ്പോൾ ഞാൻ വീണ്ടും അദ്ദേഹത്തോടൊപ്പം ഒന്നിച്ചപ്പോൾ പുതിയ കേസുകളുമായി വരികയാണവർ. ഇവരുടെ പ്രവർത്തനരീതി നമുക്ക് മനസിലാക്കാനാകും.

”വാജ്‌പെയ്, അദ്വാനി അടക്കമുള്ള ഇതേ പാർട്ടിയുടെ പഴയ നേതാക്കൾ ഇങ്ങനെയായിരുന്നില്ല. മുരളി മനോഹർ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ചുക്കാൻ പിടിക്കുന്നവർ ഒരാൾക്കും ചെവികൊടുക്കുന്നില്ല. ഒരാളെയും പരിഗണിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ജീവനുള്ള കാലത്തോളം ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് താൻ ഉറപ്പിച്ചുപറയുകയാണെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

Top