Nitish Kumar takes over as JDU national president

പട്‌ന: ജനതാദള്‍ യു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഔദ്യോഗികമായി ചുമതലയേറ്റു.

ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു നിതീഷിന്റെ പുതിയ സ്ഥാനാരോഹണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.

ഈ മാസം 10ന് ദില്ലിയില്‍ നടന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവിലായിരുന്നു നിതീഷ് കുമാറിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റായിരുന്ന ശരദ് യാദവായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നിതീഷിനെ നാമനിര്‍ദ്ദേശം ചെയ്തത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയായി നിതീഷിനെ ഉയര്‍ത്തിക്കാട്ടാനാണ് ജെഡിയു തീരുമാനം.

ഇതിന് നിതീഷിന്റെ സംസ്ഥാന നേതാവെന്ന പ്രതിച്ഛായ മാറ്റിക്കിട്ടണമെന്ന് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നു. അതിനാലാണ് ശരദ് യാദവിനെ മാറ്റി നിതീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ദേശീയതലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്ന് ജെഡിയു ബീഹാര്‍ അധ്യക്ഷന്‍ ബസിഷ്ട നരൈന്‍ സിംഗ് അഭിപ്രായപ്പെട്ടു.

Top