നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: കലങ്ങിത്തെളിഞ്ഞ ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന നിതീഷ് എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ആര്‍ജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയില്‍ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിവരം. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്കായിരിക്കും. ആഭ്യന്തര വകുപ്പ് തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017 ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.

നിതീഷ് ജനവിധി അട്ടിമറിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്‌

Top