നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ മുഖ്യമന്ത്രിയായുള്ള ആറാമത്തേയും സത്യപ്രതിജ്ഞയായിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാറ്റ്‌നയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ എത്തിയിരുന്നു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തിയത്. മുന്‍സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയും നിതീഷിന്റെ വിശ്വസ്തനുമായിരുന്ന സുശീല്‍ കുമാര്‍ മോദിയെ ഇക്കുറി ബിജെപി സര്‍ക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയാക്കി സുശീലിനെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റും എന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ 74 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ജെഡിയു 43 സീറ്റില്‍ ഒതുങ്ങിയിരുന്നു.

വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാല്‍ ചൗധരിഷ ഷീല മണ്ടല്‍ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാകുന്ന ജെഡിയു അംഗങ്ങള്‍. മംഗള്‍ പാണ്ഡേ, രാംപ്രീത് പാസ്വാന്‍ തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിന്റെ മന്ത്രിസഭയില്‍ ചേരും. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയില്‍ നിന്നും സന്തോഷ് മാഞ്ചിയും വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയില്‍ ചേരും.

Top