ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമെന്ന് നിതീഷ് കുമാർ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്. ജനങ്ങൾക്കു വേണ്ടിയാണു തങ്ങൾ പ്രവർത്തിക്കുന്നതെന്നും അതു തുടരുമെന്നും നിതീഷ് പറഞ്ഞു. ബിഹാറിൽ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. റോ‍‍ഡുകളുടെയും പാലങ്ങളുടെയും നിർമാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി, ശുദ്ധജല വിതരണ മേഖലകളിലും ഏറെ പുരോഗതിയുണ്ടാക്കിയെന്നു നിതീഷ് അവകാശപ്പെട്ടു.

അതേ സമയം, 14 ടിവി അവതാരകരെ ബഹിഷ്കരിക്കാനുള്ള ‘ഇന്ത്യ’ മുന്നണി തീരുമാനത്തോടു നിതീഷ് വിയോജിച്ചു. താൻ മാധ്യമ പ്രവർത്തകർക്ക് എതിരല്ല. മാധ്യമ പ്രവർത്തകർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷക്കാരനാണ്. താൻ മാധ്യമങ്ങളെ ബഹുമാനിക്കുന്നുവെന്നും മാധ്യമ നിയന്ത്രണങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും നിതീഷ് നിലപാടു വ്യക്തമാക്കി.

Top