മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്; സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായേക്കും

പറ്റ്‌ന: ബിജെപി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യും.

ബിജെപിയില്‍ നിന്നും 14 പേര്‍ മന്ത്രിമാരാകുമെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാളെ ആയിരിക്കും സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്. അതിനുശേഷം മാത്രമെ മന്ത്രിസഭാ വികസനമുണ്ടാകു. നിതീഷിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയിരുന്നു.

243 അംഗ ബീഹാര്‍ നിയമസഭയില്‍ ജനതാദള്‍ യുണൈറ്റഡിന് 71 സീറ്റാണുളളത്. ബിജെപിക്കാകട്ടെ 53 സീറ്റുകളുമുണ്ട്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് ഇവരുടെ സഖ്യത്തില്‍ നിന്നു തന്നെയുണ്ടാകും. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 80 സീറ്റാണുളളത്. കോണ്‍ഗ്രസിന് 27 എംഎല്‍എമാരുമുണ്ട്.

Top