ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് എന്‍ഡിഎയിലേക്ക് കൂടുമാറിയ ശേഷം മോദിയുമായി കൂടിക്കാഴ്ച നടത്തി നിതിഷ് കുമാര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് എന്‍ഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എന്‍ഡിഎ മുന്നണി വിടില്ലെന്ന് പ്രധാനമന്ത്രിയെ കണ്ട് നിതിഷ് കുമാര്‍ ഉറപ്പ് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായും നിതിഷ് കുമാര്‍ ചര്‍ച്ച നടത്തി. ബിഹാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഭരണപരമായകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഫെബ്രുവരി 12 ന് നിതിഷ് കുമാര്‍ സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് കൂടിക്കാഴ്ച.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന ആശയം നിതിഷ് കുമാറിനുണ്ട്. എന്നാല്‍ മുന്നണിയില്‍ ജെഡിയുവിനേക്കാള്‍ ശക്തരായ ബിജെപി ഈ താത്പര്യം പരി?ഗണിക്കാന്‍ സാധ്യതയില്ല. സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിജെപി നേതാക്കള്‍ക്ക് അക്കാര്യത്തില്‍ ധാരണയുണ്ടെന്നായിരുന്നു നിതിഷിന്റെ മറുപടി. ബിഹാറിലെ ആറ് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലേക്കായി ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക.ബിഹാറിലെ മഹാസഖ്യത്തില്‍ നിന്ന് പിന്മാറി, മന്ത്രിസഭ പിരിച്ചുവിട്ടാണ് നിതിഷ് കുമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത്. രാജിവച്ച നിതിഷ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയായിരുന്നു. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മുന്നണിക്ക് മുന്നിലുള്ളത്. ഇരു പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ വിഭജിക്കുക മുന്നണിയിലെ പ്രധാന വെല്ലുവിളിയാണ്. നിലവില്‍ മുന്‍ മു?ഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വയും എന്‍ഡിഎയ്ക്കൊപ്പമാണ്.

1995ല്‍ ബിജെപിയുമായി ജെഡിയു സഖ്യത്തിലായത് അനുസ്മരിച്ച നിതിഷ് കുമാര്‍ 2013ലും ഏറ്റവും ഒടുവില്‍ 2022ലും രണ്ട് വട്ടം ജെഡിഎസ് ബിജെപി ബാന്ധവം അവസാനിപ്പിച്ചതും ചൂണ്ടിക്കാണിച്ചു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണ താന്‍ മുന്നണി വിട്ടെങ്കിലും ഇനിയൊരിക്കല്‍ കൂടി അത് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്‍ഡിഎയില്‍ തുടരും – നിതിഷ് കുമാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ട് മന്ത്രിമാരും നിതിഷ് കുമാറും അടക്കമുള്ള എന്‍ഡിഎ മന്ത്രിസഭ ബിഹാറില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നുമുള്ളവര്‍ തുല്യമായാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇനി മന്ത്രിസഭ വിപുലീകരിക്കുക എന്നത് നിതിഷിന് മുന്നിലെ വെല്ലുവിളിയാണ്.

Top