നിതീഷ് കുമാർ – ലാലു പ്രസാദ് യാദവ് – സോണിയ ഗാന്ധി കൂടിക്കാഴ്ച നാളെ

ഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യത്തിന് നീക്കം. ബിഹാറിലെ മഹാസഖ്യ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ സോണിയ ഗാന്ധിയെ കാണും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രദേശികമായി പ്രതിപക്ഷ കക്ഷികള്‍ ശക്തിപ്പെടുക എന്നതാണ് ഇവരുടെ ലക്ഷ്യം. ബിഹാറില്‍ നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം വിട്ട് ഇപ്പോള്‍ ആര്‍ജെഡിയോടൊപ്പം മഹാസഖ്യത്തിലാണ്. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ലാലുവിനെക്കൂട്ടി സോണിയാ ഗാന്ധിയെയും കാണുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, സിപിഎം, സിപിഐ, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ മറ്റ് നേതാക്കളെയും നിതീഷ് കുമാർ കണ്ടിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുള്ള മുഖമായാണ് നിതീഷിനെ കാണുന്നത്. എഎപി നേതാവ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഇടതു പാർട്ടി നേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലും നിതീഷ് കുമാർ ഉടൻ സന്ദർശനം നടത്തി. ഓം പ്രകാശ് ചൗട്ടാല, ഹരിയാനയിൽ ഭൂപീന്ദർ സിംഗ് ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പവാർ എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Top