ഇടതു പാര്‍ട്ടികളെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ച് നിതീഷ് കുമാര്‍

ബിഹാറിൽ അധികാരമേറ്റ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം 16ന്. ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകൾ ആർ.ജെ.ഡിക്ക് നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും 18 മന്ത്രിസ്ഥാനങ്ങളാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാർട്ടി ആവശ്യപ്പെടുന്നത്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തേജസ്വി യാദവ് ഇന്ന് സോണിയാ ഗാന്ധിയെ കാണും.

ബി.ജെ.പിയുമായി പിരിഞ്ഞ ജെ.ഡി.യു, ആര്‍.ജെ.ഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും ഇതുവരെ അധികാരമേറ്റത് മുഖ്യമന്ത്രിയായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും മാത്രമാണ്. ബാക്കി മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും സംബന്ധിച്ച ചർച്ചകൾ മഹാഘട്ട് ബന്ധൻ മുന്നണിക്കുള്ളിൽ പുരോഗമിക്കുകയാണ്. മന്ത്രിസ്ഥാനം നിരസിച്ച സിപിഐഎംഎല്ലിനോട് മന്ത്രിസഭയുടെ ഭാഗമാകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാൻ ആണ് മുന്നണിയിലെ ധാരണ.

ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന 30 മന്ത്രി സ്ഥാനങ്ങളിൽ 16 സീറ്റുകൾ വരെ ആർ.ജെ.ഡിക്ക് കൊടുക്കാനാണ് ജെ.ഡി.യു തീരുമാനം. എന്നാൽ 18 മന്ത്രിസ്ഥാനങ്ങൾക്കാണ് ആർ.ജെ.ഡി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തരം, പൊതുഭരണം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയായ നിതീഷ് കുമാർ തന്നെയാകും കൈകാര്യം ചെയ്യുക. അതേസമയം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്താനാണ് ആർ.ജെ.ഡി ഒരുങ്ങുന്നത്. ഇതിനായി തേജസ്വി യാദവ് ഡൽഹിയിൽ എത്തി. ജനപഥിലെ സോണിയാഗാന്ധിയുടെ വസതിയിൽ വൈകീട്ട് അഞ്ചരയ്ക്കാണ് തേജസ്വി യാദവ് – സോണിയാ ഗാന്ധി കൂടിക്കാഴ്ച.

Top