ബീഹാർ രാഷ്ട്രീയം വീണ്ടും ലാലുവിൽ ! നിതീഷിന് കൈ കൊടുത്താൽ ചിത്രം മാറും

ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പാക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മലക്കം മറിച്ചില്‍. ബി.ജെ.പിക്കൊപ്പം നിന്നാല്‍ ബീഹാര്‍ ഭരണം നഷ്ടമാകുമെന്നു കണ്ടാണ് പൗരത്വ രജിസ്റ്ററിനെതിരെ നിലപാടെടുത്ത് നിധീഷ്‌കുമാര്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ ജെ.ഡി.യു പിന്തുണച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടുമായാണ് ജെ.ഡി.യു ഉപാധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നത്.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ബന്ത് അടക്കമുള്ള ശക്തമായ പ്രക്ഷോഭമാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നടത്തിയിരിക്കുന്നത്.

മുസ്‌ലിം, ഒ.ബി.സി, ദലിത്, വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സഖ്യം നടത്തി വരുന്നത്. ഈ അപകടം തിരിച്ചറിഞ്ഞാണ് നിധീഷ്‌കുമാര്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

മഹാസഖ്യത്തിലൂടെ വിജയിച്ച് മുഖ്യമന്ത്രിയായിട്ടും മുന്നണിവിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നിധീഷ് കുമാര്‍ വഞ്ചിച്ചുവെന്ന നിലപാടാണ് ലാലുപ്രസാദ് യാദവിനും കോണ്‍ഗ്രസിനുമുള്ളത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി മത്സരിക്കാന്‍ അയോഗ്യതയുണ്ടെങ്കിലും ബീഹാര്‍ രാഷ്ട്രീയത്തെ മകന്‍ തേജസ്വി യാദവിലൂടെ നിയന്ത്രിക്കുന്നത് ലാലു പ്രസാദ് യാദവ് തന്നെയാണ്. ബീഹാര്‍ രാഷ്ട്രീയത്തിന് പുറമെ ബി.ജെ.പിയെ തറപറ്റിച്ച് ജാര്‍ഖണ്ഡില്‍, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച – കോണ്‍ഗ്രസ് – ആര്‍.ജെ.ഡി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിലും തന്ത്രപരമായ പങ്ക് വഹിച്ചതും ലാലു തന്നെയായിരുന്നു.

2015ല്‍ രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുത്തപ്പോള്‍ ബദ്ധശത്രുവായ നിധീഷ്‌കുമാറുമായി മഹാസഖ്യത്തില്‍ മത്സരിക്കാന്‍ പോലും തയ്യാറായ പാര്‍ട്ടിയാണ് ലാലുവിന്റെ ആര്‍.ജെ.ഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ശക്തമായ നിലപാടെടുത്ത് എന്‍.ഡി.എ വിട്ട നിധീഷ്‌കുമാറും ആര്‍.ജെ.ഡിയും, കോണ്‍ഗ്രസും മഹാസഖ്യമായി മത്സരിച്ചപ്പോള്‍ 2015ല്‍ 178 സീറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയിരുന്നത്.

80 സീറ്റുമായി സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍.ജെ.ഡി 71 സീറ്റു ലഭിച്ച നിധീഷ്‌കുമാറിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുകയും ചെയ്യുകയുണ്ടായി. ലാലുവിന്റെ മകന്‍ തേജസ്വിയാദവാകട്ടെ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ പിന്നീട് മഹാസഖ്യത്തില്‍ നിന്നും പിന്‍മാറി നരേന്ദ്രമോഡിക്കെതിരെ പ്രസംഗിച്ചതെല്ലാം വിഴുങ്ങി നിധീഷ് ബി.ജെ.പിയുമായി കൂട്ട് ചേരുകയാണുണ്ടായത്.

തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിധീഷ് കുമാര്‍ ബി.ജെ.പി പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയുണ്ടായി. ബീഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോഡിയാണ് ഉപമുഖ്യമന്ത്രി. ഇരുവര്‍ക്കുമെതിരെ വലിയ പോര്‍മുഖമാണ് ലാലു തുറന്നിരുന്നത്.

ജയിലിലായാലും സോഷ്യലിസ്റ്റ് സിംഹം ജയപ്രകാശ് നാരായണന്റെ ശിഷ്യനിപ്പോഴും പോരാട്ടവീര്യം ഒട്ടും ചോര്‍ന്നിട്ടില്ല. രാമക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ട് വര്‍ഗീയകലാപം അഴിച്ചുവിട്ട എല്‍.കെ അദ്വാനിയുടെ രഥയാത്രയെ ബീഹാറില്‍ തടയാനുള്ള തന്റേടം കാണിച്ചത് അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവായിരുന്നു. 1990 ഒക്ടോബര്‍ 23നാണ് ബീഹാറിലെ സമസ്തിപൂരില്‍ വച്ച് അദ്വാനിയുടെ രഥയാത്രയെ തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.

അദ്വാനിയുടെ രഥയാത്ര തടഞ്ഞ താന്‍ മോഡിയെയും തടയുമെന്നാണ് ലാലുവും ആര്‍ജെഡിയും പ്രഖ്യാപിച്ചിരിക്കുന്നത്. യാദവരും ദലിതരും മുസ്‌ലീങ്ങളും പിന്നോക്കക്കാരുമെല്ലാം ബീഹാറില്‍ ലാലുവിനെ തങ്ങളില്‍ ഒരാളായാണ് ഇപ്പോഴും കാണുന്നത്.

ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്- ആര്‍.ജെ.ഡി കണക്ക്കൂട്ടലുകള്‍ പിഴച്ചത്. മോഡി തരംഗവും ബാലാകോട്ട് ഭീകരക്യാമ്പ് ആക്രമണമുണ്ടാക്കിയ വികാരവും യു.പി.എ സഖ്യത്തെ ഒറ്റ സീറ്റിലാണ് ഒതുക്കി കളഞ്ഞിരുന്നത്. കോണ്‍ഗ്രസിന് കേവലം ഒരു സീറ്റ് ലഭിച്ചപ്പോള്‍ ആര്‍.ജെ.ഡിക്ക് ഒറ്റ സീറ്റുമില്ലാത്ത സമ്പൂര്‍ണപരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടിവന്നിരുന്നത്. സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുപക്ഷത്തെപ്പോലും ഒപ്പംനിര്‍ത്താത്ത അമിത വിജയപ്രതീക്ഷയുടെ അഹങ്കാരമാണ് മഹാസഖ്യത്തിന്റെ തിരിച്ചടിക്ക് മറ്റൊരു കാരണം.

ജെ.ഡി.യു 16 സീറ്റിലും ബി.ജെ.പി 17 സീറ്റിലും സഖ്യകക്ഷിയായ റാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി ആറ് സീറ്റിലുമാണ് ഇവിടെ വിജയിച്ചിരുന്നത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ബീഹാറിലുള്ളത്. ഇക്കാര്യം നന്നായി നിധീഷ്‌കുമാറിന് അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിന്റെ അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് ബി.ജെ.പിയാണ് തൂത്തുവാരിയിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച – കോണ്‍ഗ്രസ് – ആര്‍.ജെ.ഡി സഖ്യമാണ് ഭരണം പിടിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെ രാഷ്ട്രീയകാറ്റ് തന്നെയാണ് ബീഹാറിലും വീശുന്നതെന്ന് നിധീഷ്‌കുമാറിനും വ്യക്തമാണ്. അപകടം മുന്നില്‍ കണ്ട് എന്‍.ഡി.എ സഖ്യകക്ഷിയായ റാം വിലാസ് പാസ്വാനും പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഇപ്പോള്‍ നിലപാടെടുത്തിട്ടുണ്ട്.

Lalu Prasad Yadav

Lalu Prasad Yadav

ബീഹാറില്‍ ഭരണം പിടിക്കാന്‍ ജെ.ഡി.യു നേതൃത്വം കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമായി ചേര്‍ന്നുള്ള മഹാസഖ്യം രൂപീകരിക്കണമെന്ന നിലപാടാണ് പ്രശാന്ത് കിഷോറിനുള്ളത്. എന്നാല്‍ മഹാസഖ്യത്തില്‍ നിധീഷ്‌കുമാറിനെ കൂട്ടാന്‍ ഒരു വിഭാഗം നേതാക്കള്‍ നിലവില്‍ തയ്യാറല്ല. ഇക്കാര്യത്തിലും ലാലുവിന്റെ നിലപാട് തന്നെയായിരിക്കും ഇനി നിര്‍ണായകമാകുക. ഈ വര്‍ഷം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് നിധീഷ്‌കുമാറിന് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അഗ്നിപരീക്ഷണമാണ്.

മഹാസഖ്യത്തില്‍ ജെഡിയു ചേര്‍ന്നാലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന ആത്മവിശ്വാസമാണ് ബിജെപിക്കുള്ളത്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ ജനവിധിക്ക് ശേഷമാണ് ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവലം മൂന്നു സീറ്റെന്ന നാണം കെട്ട തോല്‍വിയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ബീഹാര്‍ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. ഇത്തവണയും ഡല്‍ഹി ആം ആദ്മി പാര്‍ട്ടി തൂത്തവാരുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അലയൊലിയും ബീഹാറിലുണ്ടാകും. 17 ശതമാനം മുന്നോക്ക വിഭാഗമാണ് ബീഹാറില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്ക് . ആറു സോഷ്യലിസ്റ്റ് കക്ഷികള്‍ ഒന്നിച്ച ജനതാപരിവാറും കോണ്‍ഗ്രസും ചേരുന്നതോടെ 51 ശതമാനം വരുന്ന യാദവരുള്‍പ്പെടുന്ന ഒ.ബി.സിയും 16 ശതമാനം ദളിത് വോട്ടുകളും 16 ശതമാനം മുസ്‌ലിം വോട്ടുകളുടെയും ഏകീകരണമുണ്ടാവും. ഇത് സാധ്യമായാല്‍ നിധീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പ്രയാസമുണ്ടാകില്ല.

Nitish Kumar

Nitish Kumar

ഗുജറാത്ത് മുസ്‌ലിം വംശഹത്യയുടെ പേരില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയതിനാണ് 2013ല്‍ നിധീഷ്‌കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടിരുന്നത്. എന്നാല്‍ അധികാരക്കൊതി മൂലം വീണ്ടും ബിജെപിയുമായി കൂട്ട്‌ചേരുകയായിരുന്നു. മുഖ്യമന്ത്രി കസേര നിലനിര്‍ത്തുന്നതിന് വേണ്ടി തന്നെയാണ് ഇപ്പോള്‍ പ്രതിപക്ഷവുമായി കൂട്ട് ചേരാനും ശ്രമിക്കുന്നത്.

നിധീഷിന്റെ പ്രഖ്യാപിത ശത്രുവാണെങ്കിലും ലാലു പ്രസാദ് യാദവും ബി.ജെ.പി വിരോധത്തില്‍ നിധീഷുമായി കൈകോര്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ബീഹാറില്‍ നിധീഷ് വിജയിച്ചാല്‍ ദേശീയതലത്തില്‍ ബി.ജെ.പിയുടെ മോഡി പ്രഭാവത്തിനു മങ്ങലേല്‍ക്കും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസവുമാകും.

അതേസമയം ബീഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തിയിലും ബി.ജെ.പിയുടെ ഏകപക്ഷീയ നിലപാടില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ദലിത്, മുസ്‌ലിം വോട്ടുബാങ്കുള്ള ലോക്ജനശക്തി രാമക്ഷേത്രം, ബീഫ് നിരോധനം അടക്കമുള്ള വിഷയങ്ങളിലെല്ലാം ബി.ജെ.പിക്ക് എതിരാണുള്ളത്. ഈ അസംതൃപ്തിയും കാവിപ്പടയ്ക്ക് വെല്ലുവിളിയാണ്.

ലാലു കനിഞ്ഞാല്‍ ഈ വര്‍ഷം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് മോഡി-നിധീഷ് പോരായി തന്നെ മാറും. അങ്ങനെ വന്നാല്‍ ഏറ്റവും വലിയ അവസരവാദ പോരാട്ടമായിരിക്കും അത്.

Political Reporter

Top