നിതീഷ് കുമാർ കണക്കു കൂട്ടുന്നത് ‘കിംഗ് മേക്കറായ സുർജിത്ത് ‘ ‘കാലം’

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തന്ത്രപരമായ നീക്കമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായം തേടിയത് ചുമ്മാതല്ല  ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമാണിത്. മുന്‍പ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാറുണ്ടാക്കാന്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം പരിശ്രമിച്ചതും പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ചതും സീതാറാം യെച്ചൂരി ആയിരുന്നു. ഇതിനു ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഒന്നാം യു.പി.എ സര്‍ക്കാറിനു വേണ്ടി പരിശ്രമിച്ചവരില്‍ പ്രമുഖനും യെച്ചൂരി തന്നെ ആയിരുന്നു. സി.പി.എം നേതാവിന്റെ ഈ സംഘടനാ മികവാണ്  ബീഹാര്‍ മുഖ്യമന്ത്രിയെ ആകര്‍ഷിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേ ലോകസഭയില്‍ സി.പി.എമ്മിന് ഒള്ളൂവെങ്കിലും, അടുത്ത തിരഞ്ഞെടുപ്പില്‍, അത് 25-ല്‍ കുറയാത്ത സംഖ്യ ആകുമെന്നതാണ് നിതീഷ് കുമാറും, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ഡിയുവും കണക്കു കൂട്ടുന്നത്

കേരളത്തിലെ ബഹു ഭൂരിപക്ഷം സീറ്റുകള്‍ക്കൊപ്പം ഇത്തവണ ബംഗാളില്‍ സി.പി.എം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ്, വിലയിരുത്തല്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആര്‍.എസ്.എസ് അനുകൂല നിലപാട് സി.പി.എമ്മിന് ഗുണം ചെയ്യുമെന്നാണ്  രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. എല്ലാ ഇടതു പാര്‍ട്ടികള്‍ക്കുമായി ദേശീയ തലത്തില്‍ 35 സീറ്റുകള്‍ വരെയാണ് പ്രവചനം. ഈ പിന്തുണ പ്രധാനമന്ത്രി പദത്തിലേക്ക് ഉറപ്പിക്കുകയും ഇടഞ്ഞ് നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താര്‍ സീതാറാം യെച്ചൂരിയുടെ ‘നയതന്ത്രം’ ഉപയോഗിക്കുകയും ചെയ്താല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് നിതീഷ് ക്യാംപ് അവകാശപ്പെടുന്നത്.പ്രധാനമായും സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ, ടി.ആര്‍.എസ്, എന്‍.സി.പി, ബിജു ജനതാദള്‍ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് യെച്ചൂരിയുടെ സഹായം നിതീഷ് തേടുന്നത്

ആര്‍.ജെ.ഡി നിലവില്‍ സഖ്യകക്ഷി ആയതിനാല്‍  അക്കാര്യത്തില്‍ അവര്‍ക്ക് ഭയമില്ല. ശിവസേനയാകട്ടെ  മോദിക്ക് എതിരായ നിലപാട് തുടരുമെന്നു തന്നെയാണ് ജെ.ഡി.യു പ്രതീക്ഷിക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പിനെ മോദി – നിതീഷ് ഏറ്റുമുട്ടലായി തുടക്കം മുതല്‍ ചിത്രീകരിച്ചാല്‍  മതേതര വോട്ടുകള്‍ ഭിന്നിക്കാതെ സമാഹരിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍… ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിന്റെ കാര്യത്തിലാണ് ജെ.ഡി.യു ക്യാംപില്‍ അല്പം ഭയമുള്ളത്. കെജരിവാള്‍ പ്രധാനമന്ത്രി പദ മോഹവുമായി നിലയുറപ്പിച്ചാല്‍ അത് മതേതര വോട്ടുകളെ ബാധിക്കുമെന്നതാണ് ആശങ്ക. ഇതൊഴിവാക്കാന്‍, കെജരിവാളുമായി ഉന്നതതല ചര്‍ച്ചയ്ക്കും നീക്കം തുടങ്ങിയിട്ടുണ്ട്.

ഇവിടെ ആര് വിട്ടു കൊടുക്കുമെന്നതാണ് പ്രധാന പ്രശ്‌നം. ഭൂരിപക്ഷ പ്രതിപക്ഷ പാര്‍ട്ടികളും നിതീഷ് കുമാറിനെ പിന്തുണയ്ക്കാനാണ് സാധ്യത. അത്തരമൊരു ഘട്ടത്തില്‍ കെജരിവാള്‍ തന്നെ സ്വയം പിന്‍മാറുമെന്നാണ് നിതീഷ് വിഭാഗം കരുതുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രിയെ വരെ കുടുക്കാന്‍ ശ്രമം നടന്നതിനാല്‍ കേന്ദ്രത്തില്‍ ആര് വന്നാലും ബി.ജെ.പി വരരുതെന്ന നിലപാടിലേക്ക് എത്താന്‍ ആം ആദ്മി പാര്‍ട്ടിയും ഒടുവില്‍ നിര്‍ബന്ധിക്കപ്പെട്ടേക്കും. കോണ്‍ഗ്രസ്സിന്റെ അവസ്ഥയും സമാനമാണ്. ബി.ജെ.പി അധികാരത്തില്‍ വരുന്നത് ഒഴിവാക്കാന്‍  രാഹുല്‍ ഗാന്ധിക്കും നിതീഷ് കുമാറിനെ പിന്തുണയ്‌ക്കേണ്ട സാഹചര്യമാണ് വരാന്‍ പോകുന്നത്. അതല്ലങ്കില്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ തന്നെ ആ പാര്‍ട്ടിയോട് വിട പറയുന്ന കാലമാണിത്. നിലവില്‍ കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത കേരളത്തില്‍ നിന്നും, കഴിഞ്ഞ തവണ യു.ഡി.എഫിനു ലഭിച്ച 19 സീറ്റുകളില്‍  അഞ്ചെണ്ണം പോലും  അടുത്ത തവണ കിട്ടുമെന്ന പ്രതീക്ഷ യു.പി.എ ഘടക കക്ഷികള്‍ക്കു പോലും ഇല്ല. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.

രാഹുലും കെജരിവാളും കഴിഞ്ഞാല്‍ പ്രധാനമന്ത്രി പദ മോഹവുമായി നടക്കുന്ന ശരദ് പവാറിനും നിലവില്‍, മോദിക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ആരോഗ്യമില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിവാദ പരാമര്‍ശത്തോടെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയെയും കൈവിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി പദ മോഹമുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ആ സ്വപ്നം ഉപേക്ഷിച്ച മട്ടാണുള്ളത്. ഈ അനുകൂല സാഹചര്യമാണ് ബീഹാര്‍ മുഖ്യമന്ത്രിയെ ഇപ്പോള്‍  എ.കെ.ജി ഭവനില്‍ എത്തിച്ചിരിക്കുന്നത്. എന്‍.ഡി.എ മുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ മോദിക്കെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ് എന്ന പ്രതിച്ഛായ ആണ്  നിതീഷ് കുമാറിന് ദേശീയ തലത്തിലുള്ളത്. അഴിമതി വിരുദ്ധ നിലപാടും നിതീഷ് മുറുകെ പിടിക്കുന്നുണ്ട്. മികച്ച ഭരണാധികാരി എന്ന ഇമേജും നിതീഷിനെ തുണയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇതെല്ലാം പരിഗണിച്ചാണ് ഇടതുപക്ഷം നിതീഷ് കുമാറിനെ ബീഹാറിലും പിന്തുണച്ചിരിക്കുന്നത്.ആ പിന്തുണ ലോകസഭ തിരഞ്ഞെടുപ്പിലും വേണമെന്നതാണ് നിതീഷിന്റെ ആവശ്യം.ഇതിനോടാണ് ഇപ്പോള്‍ സി.പി.എം അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്തിയെ കുറിച്ച് ധാരണ ഉണ്ടാക്കണമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളോട് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പീക്കെതിരെ  പരമാവധി സംസ്ഥാനങ്ങളില്‍ ധാരണയോടെ മതേതര പാര്‍ട്ടികള്‍ മുന്നോട്ട് പോയാല്‍, വോട്ട് ഭിന്നിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്. മതേതര- ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും നിതീഷിനൊപ്പം എത്തിയാണ് സി.പി.എം ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. മതേതര ചേരിക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളാണിത്. മോദിക്കെതിരെ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷ സഖ്യം സാധ്യമായാല്‍ കേന്ദ്രത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് അത് വലിയ വെല്ലുവിളി തന്നെ ആയിരിക്കും. അക്കാര്യത്തില്‍ സംശയമില്ല.


EXPRESS KERALA VIEW

Top