എന്‍ഡിഎ വിടാന്‍ ശ്രമിക്കുന്നതിനിടെ നിതീഷ് കുമാര്‍ എന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചു: തേജസ്വി യാദവ്

പട്‌ന: 2022-ല്‍ എന്‍ഡിഎ വിടാന്‍ ശ്രമിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചിരുന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പാര്‍ട്ടി മേധാവികളായ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മാപ്പ് ചോദിച്ചതിന് ശേഷം തന്റെ പാര്‍ട്ടിയെ പിളര്‍ത്താനും എംഎല്‍എമാരെ പിന്തിരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നിതീഷ് പറഞ്ഞിരുന്നതായും തേജസ്വി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് തേജസ്വി യാദവ് കാര്യം പറഞ്ഞത്. നിതീഷ് കുമാര്‍ വീണ്ടും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.’2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ എന്ന വാഗ്ദാനം ഞാന്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനം നിറവേറ്റാന്‍ സഹായിക്കണമെന്നും ജനങ്ങളുടെ പിന്തുണയാണ് നമുക്ക് വലുതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിക്കുള്ള ശമ്പളം നല്‍കാന്‍ ലാലു യാദവിന്റെ പണം ഉപയോഗിക്കുമോ എന്ന് ചോദിച്ച് നിതീഷ് കുമാര്‍ ആദ്യം തന്നെ പരിഹസിച്ചു’, തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

Top