നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു; ലക്ഷ്യം പ്രധാനമന്ത്രി പദമെന്ന് അമിത് ഷാ

പട്‌ന: നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യമവസാനിപ്പിച്ച് ബിഹാര്‍ ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി-ജെഡിയു സഖ്യം തകര്‍ന്നതിനുശേഷം ബിഹാറില്‍ ആദ്യത്തെ ബിജെപിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയോടൊപ്പമാണ് ജനങ്ങള്‍ ജെഡിയുവിനേയും അധികാരത്തിലേറ്റിയതെന്നും എന്നാല്‍ വോട്ടുചെയ്ത ജനങ്ങളെ കളം മാറിച്ചവിട്ടി നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള റാലിക്കായി തടിച്ചുകൂടിയിരിക്കുന്ന വന്‍ ജനാവലി നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനുമുള്ള മുന്നറിയിപ്പാണെന്നും അമിത് ഷാ പറഞ്ഞു. നിതീഷിന്റേയും ലാലുവിന്റേയും തനിനിറം ഇപ്പോള്‍ പുറത്തായിക്കഴിഞ്ഞു. പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ടാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസുമായും ലാലു പ്രസാദ് യാദവുമായും സഖ്യം ചേര്‍ന്നതെന്നും അമിത് ഷാ ആരോപിച്ചു. കളം മാറിക്കളിക്കുന്നതിലൂടെ നിതീഷ് കുമാറിന് പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Top