വെല്ലുവിളി ഏറുമ്പോഴും നിതീഷ് കുമാര്‍ ചിരിക്കുന്നു; കാരണം ഈ കൂട്ടുകെട്ട്!

2005 ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്താണ് ജനതാദള്‍ യുണൈറ്റഡ് നേതാവായ നിതീഷ് കുമാര്‍ ലോക് ജനശക്തി പാര്‍ട്ടി മേധാവി രാം വിലാസ് പസ്വാനുമായി കൈകോര്‍ക്കാന്‍ ആദ്യമായി കൈനീട്ടുന്നത്. ബിഹാറിലെ 45 ശതമാനം വോട്ടര്‍മാരെ ഒരു കുടക്കീഴിലെത്തിക്കുന്ന ആ കൂട്ടുകെട്ട് സാധ്യമാക്കാന്‍ ‘മുഖ്യമന്ത്രി’ കസേര പോലും പസ്വാന് വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷെ അന്ന് അത് സഫലമായില്ല. കാരണം പസ്വാന്‍ യുപിഎ ഭരണത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു.

ബിജെപിയുമായി സഹകരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ പസ്വാന്‍ ആ ഓഫര്‍ ഉപേക്ഷിച്ചപ്പോള്‍ എതിരാളികള്‍ ഭയന്ന ആ കൂട്ടുകെട്ട് ഒഴിവായി. പക്ഷെ 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം രാം വിലാസ് പസ്വാനും പാര്‍ട്ടിയുടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിലാണ്. ഒപ്പം നിതീഷും പസ്വാനും തമ്മില്‍ മികച്ച ബന്ധവും. ഇക്കുറി എതിരാളികളുടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ഈ നേതാക്കള്‍ ഒത്തുചേരാന്‍ ഒരുക്കത്തിലാണ്.

2005 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പസ്വാന്റെ പാര്‍ട്ടി പരാജയം നുകര്‍ന്നപ്പോള്‍ നിതീഷ് കുമാര്‍ ഏകപക്ഷീയ വിജയം കൊയ്‌തെടുത്തു. 2014ല്‍ ബിജെപിയ്ക്ക് ഒപ്പം കൈകോര്‍ത്താണ് ലോക്‌സഭയില്‍ പസ്വാന്‍ ആദ്യമായി വിജയം നുകര്‍ന്നത്. ആ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച നിതീഷിന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം മഹാസഖ്യം രൂപീകരിച്ച് 2015 നിയമസഭയില്‍ നിതീഷ് തിരിച്ചുവരവ് നടത്തി.

2017ല്‍ വീണ്ടും പ്ലേറ്റുകള്‍ മാറിമറിഞ്ഞു. നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലെത്തി. ഒരുമിച്ച് നിന്ന് നിതീഷും, പസ്വാനും 2019 ലോസ്‌കഭാ തെരഞ്ഞെടുപ്പില്‍ വിജയം നുകര്‍ന്നു. 2020 നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങ് ഒരുങ്ങുമ്പോള്‍ ബിഹാറിലെ രണ്ട് അതികായകര്‍ ആദ്യമായി കൈകോര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാര്‍ വോട്ടില്‍ 15 ശതമാനം പട്ടികജാതി വോട്ടുകളാണ്. യാദവ വോട്ടര്‍മാരാണ് ഏറ്റവും വലിയ ജാതി ഗ്രൂപ്പ്.

പക്ഷേ ദളിത് വോട്ടര്‍മാര്‍ നിശബ്ദശക്തിയാണ്. ഇവര്‍ യാദവ വിഭാഗത്തേക്കാള്‍ പ്രധാനമാണെന്ന് മാത്രമല്ല നിതീഷ്, പസ്വാന്‍ എന്നിവരോട് അനുഭാവമുള്ളവുമാണ്. 22 സഹവിഭാഗങ്ങളാണ് ബിഹാറിലെ പട്ടികജാതി വിഭാഗങ്ങളിലുള്ളത്. ഇതില്‍ പസ്വാന്‍ വിഭാഗം എല്‍ജെപിയുടെ ശക്തിയാണ്. ബാക്കിയുള്ളവര്‍ നിതീഷ് ക്യാംപിലുമാണ്. സംസ്ഥാനത്തെ 243 സീറ്റില്‍ 38 സീറ്റും എസ്‌സി സംവരണമാണ്.

2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി 14 സംവരണ സീറ്റുകളും, ജെഡിയു 10, കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ 5 വീതവും വിജയിച്ചു. നിതീഷും, പസ്വാനും ഒരുമിക്കുന്നതോടെ ദളിത് വിഭാഗങ്ങളെയും, ഉയര്‍ന്ന ജാതിക്കാരെയും, ഏറ്റവും പിന്നോക്ക വിഭാഗങ്ങളെയും, മുസ്ലീമിലെ ചില വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇത് മുസ്ലീം, യാദവ്, ദളിത് കൂട്ടുകെട്ട് ജയിലില്‍ കിടന്ന് സ്വപ്‌നം കാണുന്ന ലാലു പ്രസാദ് യാദവിന് തിരിച്ചടി നല്‍കും.

എല്‍ജെപി മേധാവിയുടെ പിന്‍ഗാമിയായ മകന്‍ ചിരാഗ് പസ്വാന്‍ തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് തന്നെ സജീവമായ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ആറ് വ്യത്യസ്ത പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ കേന്ദ്ര മന്ത്രിമായിരുന്ന പസ്വാനും, നിതീഷ് കുമാറും ഒത്തുചേരുന്ന വാര്‍ത്ത എതിരാളികള്‍ക്ക് അത്ര സുഖകരമല്ല.

Top