മത്സരം കൈവിട്ട് പോയെന്ന് തോന്നും, പക്ഷെ; മഹാരാഷ്ട്രയില്‍ ഗഡ്കരിയുടെ പ്രവചനം

ഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും, മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയുടെ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രിക്കറ്റ് ഉദാഹരണം ചൂണ്ടിക്കാണിച്ച് മറുപടി. ക്രിക്കറ്റ് മത്സരം പോലെ രാഷ്ട്രീയത്തിലെ ഫലങ്ങളും നാടകീയമായി മാറുമെന്ന് ഗഡ്കരി വിശദീകരിച്ചു.

‘ക്രിക്കറ്റിലും, രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. എപ്പോഴെങ്കിലും മത്സരം കൈവിട്ട് പോയെന്ന് ചിന്തിക്കുമ്പോഴായിരിക്കും നേര്‍വിപരീതം വന്നുചേരുക’, ഗഡ്കരി വ്യക്തമാക്കി. ഒക്ടോബര്‍ 24ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ സ്തംഭനാവസ്ഥ തുടങ്ങിയത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി, പിന്നില്‍ ശിവസേനയും, എന്‍സിപിയും സ്ഥാനം നേടി.

എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി പങ്കിടണമെന്ന് ആവശ്യം മുന്നോട്ട് വെച്ചതോടെ ബിജെപി, ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തില്‍ കലാശിക്കാതെ പോയി. ഇല്ലാത്തൊരു കരാര്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ മറ്റ് പാര്‍ട്ടികള്‍ക്കും അവസരം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

നിതിന്‍ ഗഡ്കരിയെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി മുഖ്യമന്ത്രിയാക്കി ബിജെപി, സേന തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഫഡ്‌നാവിസിനെ ആ സ്ഥാനത്ത് നിന്നും നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഗഡ്കരി പ്രതികരിച്ചത്. ഇതുവരെ ഒത്തുകൂടാത്ത ശിവസേനയെ കൂട്ടി ഭരണം തുടങ്ങുമ്പോള്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്നാണ് നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

Top