വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ച് നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്നും ഗഡ്കരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയിലാണ് പൗരത്വ ഭേദഗതിയെ ന്യായീകരിച്ച് ഗഡ്കരി സംസാരിച്ചത്. ദേശീയ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി പറഞ്ഞത്.

ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലീങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലീം രാജ്യങ്ങളുണ്ട്- ഗഡ്കരി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തെ ഒരു മുസ്ലീം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന കാര്യം ഞാന്‍ ഉറപ്പുനല്‍കുകയാണ്- ഗഡ്കരി പറഞ്ഞു.

Top