അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ടോൾ പ്ലാസകൾ അടച്ചുപൂട്ടുമെന്ന് കേന്ദ്ര മന്ത്രി!

ടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത റോഡുകളിൽ നിന്ന് ടോൾ പ്ലാസകൾ ഒഴിവാക്കുകയും റോഡ് ഉപയോക്താക്കൾക്ക് നീണ്ട ക്യൂവിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്ന സംവിധാനത്തിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസം പാർലമെന്റിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ദ ഹിന്ദു ഉൾപ്പെടെയുള്ള വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് ലാഭകരമായിരിക്കെ, ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ടോൾ പിരിവ് വഴികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് നിതിൻ ഗഡ്കരി വ്യക്തമാക്കിയത്.

സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പോലെയുള്ള പുതിയ ഓപ്ഷനുകളിൽ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പ്രവർത്തിക്കുകയാണെന്ന് ഗഡ്‍കരി പറഞ്ഞു. ഇതുവഴി യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവന്റെ / അവളുടെ കാറിൽ സ്ഥാപിച്ചിരിക്കുന്ന GPS വഴി ടോൾ തുക ഡെബിറ്റ് ചെയ്യും. ടോൾ പിരിവിനായി വഴിയാത്രക്കാരന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വായിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം പിന്തുടരുന്നതിനുള്ള ഒരു ബദൽ രീതിയും അദ്ദേഹം വിവരിച്ചു. നമ്പർ പ്ലേറ്റ് വായിച്ച് ടോൾ പിരിക്കുന്ന രണ്ടാമത്തെ രീതിയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top