ഇന്ത്യയിലെ റോഡപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തെറ്റായ റോഡ് രൂപകല്‍പ്പനയാണ് ഇന്ത്യയില്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഓരോ വര്‍ഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങള്‍ക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.
2022-ല്‍ ഇന്ത്യയില്‍ 4.61 ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ രേഖപ്പെടുത്തി. അതില്‍ 1.68 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 4.45 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബദല്‍ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിച്ചും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മാണച്ചെലവ് കുറയ്ക്കണമെന്ന് ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ 82-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഗഡ്കരി ആവശ്യപ്പെട്ടു.
‘ഇന്ത്യയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും സംഭവിക്കുന്നു. മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിക്ക് മൂന്ന് ശതമാനം നഷ്ടമുണ്ടാക്കി. ബലിയര്‍പ്പിക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലെ, ഓരോ അപകടത്തിനും ഡ്രൈവറെ കുറ്റപ്പെടുത്തുന്നു. ഞാന്‍ നിങ്ങളോട് പറയട്ടെ, ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ നിന്നും മനസിലാക്കിയത് പലപ്പോഴും, റോഡ് എഞ്ചിനീയറിംഗ് തെറ്റാണ് എന്നാണ്.. ‘ അദ്ദേഹം പറഞ്ഞു. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍, അപകടങ്ങള്‍ തടയുന്നതിന് അവ കൃത്യമായി എഞ്ചിനീയറിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘റോഡപകടങ്ങളില്‍ പലരും മരിക്കുന്നു. അപകട മരണങ്ങളില്‍ 60 ശതമാനവും 18 മുതല്‍ 34 വയസ്സ് വരെയുള്ളവരാണ്, അവരില്‍ പലരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമാണ്. ഇത് നല്ലതാണോ? രാജ്യത്തിന് വേണ്ടി, എഞ്ചിനീയര്‍മാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബ്ലാക്ക് സ്‌പോട്ടുകള്‍ നീക്കം ചെയ്യാന്‍ സ്വമേധയാ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? തെറ്റായ എഞ്ചിനീയറിംഗ് മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളില്‍ (ഡിപിആര്‍) പൂര്‍ണത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മ്മാണച്ചെലവ് കുറയ്ക്കണെന്നും ഇത് സാധ്യമാണെന്നും നമ്മള്‍ ചിന്താഗതി മാറ്റുകയും ക്രിയാത്മകമായി ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പദ്ധതി ചെലവു കുറഞ്ഞതാക്കാന്‍, ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി മുതലായവയിലെ കാലതാമസം മൂലം പലമടങ്ങ് ഉയരുന്ന നിര്‍മാണച്ചെലവ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗവും ഗഡ്കരി ഊന്നിപ്പറഞ്ഞു. അത് ചെലവ് കുറയ്ക്കുന്നതിനും പ്രധാനമാണ്. സ്റ്റീല്‍, സിമന്റ് കമ്പനികള്‍ തങ്ങളുടെ കുത്തക കാരണം ഒരു കാരണവുമില്ലാതെ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 78,000 മരങ്ങള്‍ പറിച്ചുനട്ടതായും മന്ത്രി പറഞ്ഞു.