ഹോണ്‍ ശബ്‍ദത്തിന് പകരം നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കുമെന്ന് ആവർത്തിച്ച് ഗഡ്‍കരി

വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി ഇങ്ങനൊരു നീക്കം നടത്തുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് നിതിൻ ഗഡ്‍കരി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങളിലെ വിഐപി സംസ്‍കാരം അവസാനിപ്പിക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ, ശബ്‍ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ ഉദ്ദരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൂനെയിലെ ചാന്ദ്‌നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് എന്നാണ് റിപ്പോര‍ട്ടുകള്‍.

വിഐപി വാഹനങ്ങളിലെ ചുവന്ന ബീക്കൺ ലൈറ്റ് (അവസാനിപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചെന്നും ഇപ്പോൾ, വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഗഡ്‍‍കരി പറഞ്ഞു. ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു. “സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്‍ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”

ഇതാദ്യമല്ല ഇക്കാര്യത്തില്‍ ഗഡ്‍കരി അഭിപ്രായം വ്യക്തമാക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതേ കാര്യം രണ്ടുവര്‍ഷം മുമ്പും അദ്ദേഹം പറഞ്ഞിരുന്നു. താൻ നാഗ്‍പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നതെന്നും എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാണായാമം ചെയ്യുന്നതിനിടെ വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്‍ദം പ്രഭാതത്തിന്റെ നിശബ്‍ദതയെ ശല്യപ്പെടുത്തുന്നുവെന്നും ഇതോടെ, വാഹനങ്ങളുടെ ഹോണുകൾ എങ്ങനെ ശരിയായ രീതിയിൽ പരിഷ്‍കരിക്കാമെന്ന ചിന്ത മനസിൽ വന്നവെന്നും 2021ല്‍ അദ്ദേഹം പറഞ്ഞിരുന്നു. കാർ ഹോണുകളുടെ ശബ്‍ദം ഇന്ത്യൻ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണെന്നും തബല, താളവാദ്യം, വയലിൻ, പുല്ലാങ്കുഴൽ, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഹോണുകളില്‍ നിന്ന് കേൾക്കണം എന്നാണ് ആഗ്രഹമെന്നും ഗഡ്‍കരി അന്നും പറഞ്ഞിരുന്നുന്നു.

അക്ഷരാർത്ഥത്തിൽ ഹോണുകൾ കാതുകൾക്ക് സംഗീതമായിരിക്കണം എന്ന് അവയുടെ ശബ്ദങ്ങളിൽ അതൃപ്‍തി പ്രകടിപ്പിച്ച നിതിൻ ഗഡ്‍കിരി വ്യക്തമാക്കുന്നത്. ഹോൺ ശബ്‍ദം മാറ്റാൻ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. പുതിയ നിയമങ്ങളിൽ ചിലത് ഓട്ടോ നിർമ്മാതാക്കൾക്ക് ബാധകമാണ്. അതിനാൽ, വാഹനം നിർമ്മിക്കുമ്പോൾ, അതിന് ശരിയായ തരം ഹോൺ ഉണ്ടായിരിക്കുമെന്നും ഗഡ്‍കരി നേരത്തെ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം രാജ്യത്തെ നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു ഹോണിന്റെ പരമാവധി ശബ്‍ദം 112 ഡെസിബല്‍ കവിയാൻ പാടില്ല. ഇതിലും ഉച്ചത്തിലുള്ളവ ട്രെയിൻ ഹോണുകളാണ്. ഇവ ഏകദേശം 130-150 ഡെസിബല്‍ ശബ്‍ദം പുറപ്പെടുവിക്കുന്നു എന്നാണ് കണക്കുകള്‍.

Top