നൂതനമായ ആശയങ്ങള്‍ ഉള്ള വ്യക്തി;ഗഡ്കരിയെ കോടതിയിലേയ്ക്ക് ക്ഷണിച്ച് ജ.ബോബ്ഡെ

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നൂതനമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ.മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ ഗഡ്കരിക്ക് നേരിട്ടെത്താനാകുമോ എന്ന് ജസ്റ്റീസ് ചോദിച്ചു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നയം രൂപീകരിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

വായു മലിനീകരണത്തിന് അവശിഷ്ടങ്ങള്‍ കത്തിക്കുന്നതടക്കം നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും മോട്ടോര്‍ വാഹനഹങ്ങളാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഗഡ്കരിക്ക് കോടതിയെ സഹായിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.പദ്ധതിയെക്കുറിച്ച് അറിയാന്‍ മന്ത്രിയെ ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. വിഷയത്തില്‍ മന്ത്രിക്ക് നോട്ടീസല്ല അയയ്ക്കുന്നത് എന്നും കോടതി വ്യക്തമാക്കി.

മന്ത്രിക്ക് നൂതനമായ ആശയങ്ങളാണുള്ളത്. അദ്ദേഹത്തിന് മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സാധിക്കും. കാരണം, അദ്ദേഹം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമായ സ്ഥാനത്താണുള്ളത്.അദ്ദേഹത്തോട് കോടതിയില്‍ വരാനും ഇക്കാര്യത്തില്‍ ആശയങ്ങള്‍ മുന്നോട്ടുവെക്കാനും അഭ്യര്‍ത്ഥിക്കുകയാണ്, ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാല്‍, മന്ത്രി നേരിട്ട് ഹാജരായാല്‍ അത് തെറ്റായ സന്ദേശമാകുമെന്നായിരുന്നു സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. അപ്പോഴാണ്, കോടതി മന്ത്രിയെ വിളിച്ചുവരുത്തുകയല്ലെന്നും നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്.

Top