ഗോ സംരക്ഷണത്തെ അനുകൂലിക്കുന്നു, അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും അനുകൂലിക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും നിയമലംഘനങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

“ഞങ്ങള്‍ പശു സംരക്ഷണത്തെ പിന്തുണക്കുന്നു. പശുക്കളെ കൊല്ലാന്‍ പാടില്ല എന്ന് ഞങ്ങളുടെ പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാല്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയോ മന്ത്രിമാരോ സര്‍ക്കാരോ അംഗീകരിക്കുന്നില്ല.” – ഗഡ്കരി പറഞ്ഞു.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ കാണുമ്പോള്‍ തനിക്ക് ആശ്ചര്യം തോന്നുന്നുവെന്നും നിയമലംഘകർക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ പോലും തെറ്റുകളെല്ലാം ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.

അടുത്ത കാലത്തായി അക്രമണം നടത്തിയ ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ കാവി കൊടിയുമായി എത്തിയതിന് പുറമേ തങ്ങള്‍ക്ക് പാര്‍ട്ടി ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.

Top